ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ആദ്യ നൂറില്‍ ഒരു ഇന്ത്യന്‍ താരം മാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി മാത്രമാണ് ആദ്യ നൂറില്‍ ഇടംപിടിച്ചത്. പട്ടികയില്‍ ഇടംപിടിച്ച ഏക ക്രിക്കറ്റ് താരവും കോഹ്‌ലിയാണ്. തിങ്കളാഴ്ചയാണ് ഫോബ്സ് മാസിക പട്ടിക പുറത്ത് വിട്ടത്.
പ്രതിഫലത്തിലൂടെയും പരസ്യങ്ങളിലൂടെയും കഴിഞ്ഞ വര്‍ഷം 25 മില്യണ്‍ ഡോളറാണ് കോഹ്‌ലിയുടെ സമ്പാദ്യം. പട്ടികയില്‍ ലയണല്‍ മെസിയാണ് ഒന്നാമതുളളത്, ലോകത്തെ ഏറ്റവും കൂടുതല്‍ വരുമാനമുളള ബോക്സറായിരുന്ന ഫ്ലോയ്ഡ് മെയ്‌വെതറിനെ ആണ് അര്‍ജന്റീനിയന്‍ താരം പിന്നിലാക്കിയത്. ശമ്പളത്തിലൂടേയും പരസ്യങ്ങളിലൂടേയും 127 മില്യണ്‍ ഡോളറാണ് മെസിയുടെ സമ്പാദ്യം.
രണ്ടാം സ്ഥാനത്തുളളത് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 109 മില്യണ്‍ ഡോളറാണ് വരുമാനം. മൂന്നാം സ്ഥാനത്ത് ബ്രസീല്‍ താരം നെയ്മറാണ്. 105 മില്യണ്‍ ഡോളറാണ് വരുമാനം. നാലാം സ്ഥാനത്ത് മെക്സിക്കോ ബോക്സിങ് താരം സോള്‍ അല്‍വാറസ് ആണ്. 94 മില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനം. കഴിഞ്ഞ വര്‍ഷമാണ് അല്‍വാറസ് സ്ട്രീമിങ് നെറ്റ്‍വര്‍ക്കായ ഡാസിനുമായി 365 മില്യണ്‍ ഡോളറിന് 11 വര്‍ഷത്തെ കരാറിലൊപ്പിട്ടത്.
ടെന്നീസ് താരം റോജര്‍ ഫെഡറര്‍ 93.4 മില്യണ്‍ ഡോളര്‍ വരുമാനത്തോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. പട്ടികയിലുളള ഏക വനിതാ കായിക താരം ടെന്നിസ് താരം സെറീന വില്യംസ് ആണ്. 29.2 മില്യണ്‍ ഡോളര്‍ വരുമാനത്തോടെ 63-ാം സ്ഥാനത്താണ് സെറീനയുളളത്.
41-കാരനായ അമേരിക്കന്‍ ബോക്സിങ് ചാമ്പ്യന്‍ ഫ്ളോയിഡ് മെയ്‌വെതറായിരുന്നു കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഒന്നാമത്. എന്നാല്‍ അദ്ദേഹം വിരമിച്ചതോടെയാണ് മെസി ഒന്നാമനായത്. രണ്ടായിരം കോടിയോളം രൂപ മെയ്‌വെതര്‍ പ്രതിഫലം പറ്റുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനന്‍ താരം ലയണല്‍ മെസിക്ക് അന്ന് ഇതിന്റെ പകുതി പ്രതിഫലമേ ഉണ്ടായിരുന്നുളളൂ.