മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് നന്ദി പറഞ്ഞ് അമ്പാട്ടി റായിഡു. വിരമിക്കല്‍ തീരുമാനം അറിയിച്ചുകൊണ്ട് ബിസിസിഐയ്ക്ക് എഴുതിയ കത്തിലാണ് റായിഡു കോഹ്‌ലിക്ക് പ്രേത്യേകം നന്ദി പറഞ്ഞത്.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനായത് അഭിമാനമാണെന്ന് പറഞ്ഞ റായിഡു തന്റെ നായകന്മാരായിരുന്ന ധോണിക്കും രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്‌ലിക്കു നന്ദി പറഞ്ഞു. കോഹ്‌ലി എന്നും തന്നില്‍ വിശ്വസിച്ചിരുന്നുവെന്നും റായിഡു കത്തില്‍ പറയുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റേയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേയും താരമായിരുന്നു റായിഡു.

ലോകകപ്പ് ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അമ്പാട്ടി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇനി മുതല്‍ അമ്പാട്ടി റായിഡു ഉണ്ടാകില്ല.

എന്നാല്‍ വിരമിക്കുന്നതിനുള്ള കാരണം അമ്പാട്ടി റായിഡു വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും മാറി പുറത്തുള്ള ലീഗുകളില്‍ കളിക്കാനാണ് റായിഡു ഒരുങ്ങുന്നത്. അതേസമയം, ഐപിഎല്ലില്‍ നിന്നുകൂടി മാറുന്നതോടെ ബിസിസിഐയുമായുള്ള എല്ലാ സഹകരണവും അവസാനിക്കും.

ഇന്ത്യന്‍ ടീമില്‍ മധ്യനിര ബാറ്റ്‌സ്മാനായി എത്തിയ റായിഡു 50 ഏകദിന മത്സരങ്ങളില്‍ നിന്ന് 1694 റണ്‍സ് സ്വന്തമാക്കി. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധ സെഞ്ചുറികളും നേടിക്കഴിഞ്ഞ താരത്തിന്റെ പ്രഹരശേഷി 79.04 ആണ്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും അമ്പാട്ടി റായിഡു കളിച്ചിരുന്നു.

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് അമ്പാട്ടി റായിഡു. ടീമില്‍ താരത്തിന് ഇടം ലഭിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് കേട്ടത്. ലോകകപ്പ് ടീമില്‍ നിന്ന് ശിഖര്‍ ധവാന്‍ പരുക്കേറ്റ് പുറത്തായതിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഋഷഭ് പന്തിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും പരുക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പകരം മായങ്ക് അഗര്‍വാളിനെയാണ് പരിഗണിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ തരത്തിലുള്ള ട്രോളുകള്‍ക്കും അമ്പാട്ടി റായിഡു കഥാപാത്രമായി.

റായിഡുവിന്റെ കത്തിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട സര്‍,

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തില്‍ ഞാന്‍ എത്തിയതായി നിങ്ങളെ അറിയിച്ചു കൊളളുന്നു. ഈ അവസരത്തില്‍ ബിസിസിഐയ്ക്കും ഞാന്‍ പ്രതിനിധീകരിച്ച ഹൈദരാബാദ്, ബറോഡ, ആന്ധ്ര, വിദര്‍ഭ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും നന്ദി പറയുന്നു. അതുപോലെ തന്നെ ഐപിഎല്‍ ഫ്രാഞ്ചൈസികളായ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും നന്ദി പറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനമാണ്. എന്റെ നായകന്മാരായിരുന്ന എം.എസ്.ധോണി, രോഹിത് ശര്‍മ്മ, പ്രത്യേകിച്ചും കരിയറിലുടനീളം എന്നില്‍ ഒരുപാട് വിശ്വസിച്ചിരുന്ന വിരാട് കോഹ്‌ലി എന്നിവര്‍ക്ക് നന്ദി പറയുന്നു. ഇതൊരു മനോഹര യാത്ര തന്നെയായിരുന്നു. കളിയുടെ വ്യത്യസ്ത തലങ്ങളില്‍, ഉയര്‍ച്ച താഴ്ചകളില്‍ നിന്നുമെല്ലാം ഒരുപാട് പഠിക്കാന്‍ സാധിച്ചു. ഒടുവിലായി എന്നും എനിക്കൊപ്പം നിന്ന കുടുംബത്തിനും ആരാധകര്‍ക്കും നന്ദി പറയുന്നു.

നന്ദി സര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook