ശ്രീലങ്കയ്ക്കെതിരായ പരമ്പര വിജയങ്ങളുടെ ആഘോഷങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് ന്യൂസിലന്‍ഡിനോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20-യുമാണ് പരമ്പരയിലുള്ള.
പരുക്ക് മൂലം ശ്രേയസ് അയ്യര്‍ക്കും വ്യക്തിഗത കാരണങ്ങളാണ് കെ എല്‍ രാഹുലിനും പരമ്പര നഷ്ടമാകും. പ്രസ്തുത സാഹചര്യത്തില്‍ ടീം ലൈനപ്പ് സന്തുലിതമാക്കാനുള്ള വിദ്യയുമായി എത്തിയിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
മികച്ച ഫോമിലുള്ള വിരാട് കോഹ്ലി ഇഷാന്‍ കിഷന് അവസരം ഒരുക്കണമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. 2014-ല്‍ അമ്പട്ടി റായുഡുവിന് വേണ്ടി കോഹ്ലി തന്റെ സ്ഥാനം വിട്ടു നല്‍കിയിരുന്നു.
“എന്നാലും ഇത് ദുഷ്കരമായ ഒരു കാര്യമാണ്. ഒരാള്‍ എന്തായാലും ത്യാഗം ചെയ്യേണ്ടി വരും. ഇഷാന്‍ ഓപ്പണിങ്ങിനെത്തിയാല്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തും. അപ്പോള്‍ സ്വാഭാവികമായും കോഹ്ലിക്ക് തന്റെ മൂന്നാം സ്ഥാനം വിട്ടു നല്‍കേണ്ടി വരും,” മഞ്ജരേക്കര്‍ പറഞ്ഞു.
“അമ്പട്ടി റായുഡുവിന് വേണ്ടി കോഹ്ലി സമാന തീരുമാനം എടുത്തിട്ടുണ്ട്, അന്ന് ശ്രീലങ്കയായിരുന്നു എതിരാളികള്‍. ഇരട്ട സെഞ്ചുറി നേടി ഫോം തെളിയിച്ച താരമാണ് ഇഷാന്‍. ഓപ്പണിങ്ങില്‍ ഇടം കയ്യനും വലം കയ്യനും എത്തുന്നത് മോശമാകില്ല,” മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇഷാനെ മധ്യനിരയിലിറക്കാനാണ് ഇന്ത്യയുടെ പദ്ധതി. നായകന്‍ രോഹിത് ശര്‍മ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിര ഇരട്ട സെഞ്ചുറി നേടിയ ശേഷം ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഒരു അവസരം പോലും ഇഷാന് ലഭിച്ചിരുന്നില്ല.