ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റിനിടെയാണ് ഇംഗ്ലണ്ട് നായകന് ജോ റൂട്ട് തന്റെ ക്രിക്കറ്റ് ബാറ്റ് ബാലന്‍സ് ചെയ്തു നിര്‍ത്തിയത്. റൂട്ടിന്റെ ട്രിക്ക് അന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. താരത്തിന് കഴിയാത്തതായി ഒന്നുമില്ലെന്നായിരുന്നു ഉയര്‍ന്ന അഭിപ്രായം. നേരത്ത ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തും ഇതേ ട്രിക്ക് ഉപയോഗിച്ച് കയ്യടി നേടിയിരുന്നു.
എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ബാറ്റ് ബാലന്‍സ് ചെയ്ത് പിച്ചില്‍ നിര്‍ത്താനുള്ള ശ്രമം നടത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ലെയ്സെസ്റ്ററുമായുള്ള പരിശീലന മത്സരത്തിനിടെയായിരുന്നു സംഭവം. ഒന്നല്ല രണ്ട് തവണ ശ്രമിച്ചിട്ടും കോഹ്ലിക്ക് കഴിഞ്ഞില്ല. അവസാനം ഒരു ചെറു പുഞ്ചിരിയോടെ താരം പിന്മാറുകയും ചെയ്തു.
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ രണ്ട് പേരാണ് റൂട്ടും കോഹ്ലിയും. ഇരുവര്‍ക്കും ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ചുറികള്‍ വീതമുണ്ട്. എന്നാല്‍ 2019 ന് ശേഷം ഇതുവരെ മൂന്നക്കം കടക്കാന്‍ കോഹ്ലിക്കായിട്ടില്ല. താരത്തിന്റെ സ്വഭാവിക കളിമികവ് നഷ്ടപ്പെട്ടതായി പോലും മുതിര്‍ന്ന താരങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.
പരിശീലന മത്സരത്തിലും കോഹ്ലിക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. 50-2 എന്ന നിലയില്‍ ഇന്ത്യ എത്തിയപ്പോഴാണ് കോഹ്ലി ക്രീസിലെത്തിയത്. 69 പന്തില്‍ 33 റണ്‍സെടുത്ത് താരം പുറത്താവുകയും ചെയ്തു. നാല് ഫോറും ഒരു സിക്സുമാണ് താരം നേടിയത്. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 246-8 എന്ന നിലയിലാണ്. 70 റണ്‍സെടുത്ത് പുറത്താവാതെ നില്ക്കുന്ന ശ്രീകര്‍ ഭരത്താണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
Also Read: അന്നത്തെ അലസന് ഇന്ന് ഹിറ്റ്മാന്; രോഹിതിന്റെ 15 വര്‍ഷങ്ങള്‍