പരുക്കിന്റെ പിടിയില്‍ നിന്നും മോചിതനായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയില്‍ താരം കളിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ബിസിസിഐക്ക് നല്‍കിയ അഭിമുഖത്തില്‍ തിരിച്ചുവരില്‍ താനിക്ക് എത്രത്തോളം ആകാംഷയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജഡേജ.
“അഞ്ച് മാസത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവില്‍ അതിയായ ആകാംഷയുണ്ട്. ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ഈ യാത്രയില്‍ വീണ്ടും എനിക്കൊരു അവസരം തന്നതില്‍ നന്ദി. അഞ്ച് മാസം കളത്തിന് പുറത്തിരിക്കുമ്പോള്‍ സ്വഭാവികമായും നമുക്ക് അമര്‍ഷമുണ്ടാകും, അതിവേഗം കായിക ക്ഷമത കൈവരിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാന്‍,” ജഡേജ വ്യക്തമാക്കി.
തന്റെ കാൽമുട്ടിനേറ്റ പരുക്കിനെക്കുറിച്ചും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നാളുകളെക്കുറിച്ചും ജഡേജ വിശദീകരിച്ചു.
“എനിക്ക് എന്റെ കാൽമുട്ടിന് ഒരു പ്രശ്നമുണ്ടായിരുന്നു. എത്രയും വേഗം അല്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാൽ ലോകകപ്പിന് മുന്‍പൊ ശേഷമൊ എന്ന കാര്യത്തിൽ തീരുമാനമെടുക്കണമായിരുന്നു. ലോകകപ്പിന് മുന്‍പ് ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർ എന്നെ ഉപദേശിച്ചു, കാരണം ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ എനിക്ക് ലോകകപ്പ് കളിക്കാനുള്ള സാധ്യത കുറവായിരുന്നു, ജഡേജ കൂട്ടിച്ചേര്‍ത്തു.
ശസ്ത്രക്രിയ മൂലം ജഡേജയ്ക്ക് 2022 ട്വന്റി 20 ലോകകപ്പ് കളിക്കാനായിരുന്നില്ല.
“ശസ്ത്രക്രിയക്ക് ശേഷമുള്ള നാളുകള്‍ ദുഷ്കരമായിരുന്നു. മത്സരങ്ങള്‍ ടിവിയില്‍ കാണുമ്പോള്‍ സ്വന്തം ശാരീരിക ക്ഷമതയെക്കുറിച്ചുള്ള ചിന്തകള്‍ വരും. ലോകകപ്പ് മത്സരങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ അതിവേഗം വീണ്ടെടുക്കല്‍ പ്രക്രിയക്ക് പ്രചോദനമാകും,” ജഡേജ പറഞ്ഞു.
ദേശിയ ക്രിക്കറ്റ് അക്കാദമിയിലെ ഫിസിയോകളുടെ സഹായം വലുതായിരുന്നെന്നും ജഡേജ പറഞ്ഞു. ഞായറാഴ്ചകളില്‍ പോലും അവര്‍ തനിക്ക് വേണ്ടി എത്തുമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.