ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ആശങ്കകളില്‍ പ്രധാനം വിരാട് കോഹ്ലിയുടെ ഫോമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരകളില്‍ ആറ് മത്സരങ്ങളിലും 20 റണ്‍സിന് താഴെയാണ് കോഹ്ലി പുറത്തായത്. കോഹ്ലിയുടെ പ്രകടനത്തിലുണ്ടായ ഇടിവ് ആരാധകരെ മാത്രമല്ല മുന്‍താരങ്ങളേയും നിരശായിലാക്കിയിരിക്കുകയാണ്. യുവതാരങ്ങള്‍ നിരവധിയുള്ള സാഹചര്യത്തില്‍ കോഹ്ലിയെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കോഹ്ലിയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ചൊരിയുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍.
“അയാള്‍ മറ്റുള്ളവരില്‍ നിന്ന് വളരെ വ്യത്യസ്തനായ കളിക്കാരനാണ്. എല്ലാവരും ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകാറുണ്ട്. ചിലര്‍ അത് പെട്ടെന്ന് അതിജീവിക്കും, മറ്റു ചിലര്‍ക്ക് അത് വളരെ നീണ്ട കാലഘട്ടമായിരിക്കും,” പാക്റ്റിവി.റ്റിവിയോട് അക്മല്‍ പറഞ്ഞു.
“ഒരു വലിയ ഇന്നിങ്ങ്സ് മാത്രമെ അദ്ദേഹത്തിന് ആവശ്യമുള്ളു. കളിയോടുള്ള വിശ്വാസവും ആവേശവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 70 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടിയ ഒരു താരം പുറത്ത് നിന്ന് വിമര്‍ശിക്കുന്നവരുടെ വാക്കുകള്‍ കേള്‍ക്കുമെന്ന് തോന്നുന്നുണ്ടോ. ഒന്നോ രണ്ടോ മത്സരത്തിന്റെ പരിചയസമ്പത്തുള്ളവര്‍ വരെ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നു, എനിക്ക് ചിരിയാണ് വരുന്നത്,” അക്മല്‍ കൂട്ടിച്ചേര്‍ത്തു.
“കാലിന്റെ ചലനം, ബാറ്റിന്റെ വേഗത അങ്ങനെ കുറച്ച് കാര്യങ്ങള്‍ കൃത്യമായി വരുമ്പോഴാണ് മികവോടെ കളിക്കാന്‍ സാധിക്കുക. ഒരു താരം സ്വന്തമായാണ് ഇത്തരം ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. എപ്പോഴും പോസിറ്റീവായി നിലകൊള്ളുക എന്നത് പ്രധാനമാണ്. കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത ശരിയായ കാര്യങ്ങള്‍ ഒര്‍ക്കുക. നിരവധി അഭിപ്രായങ്ങള്‍ ഉയരും, കാര്യമാക്കേണ്ടതില്ല,” അക്മല്‍ വ്യക്തമാക്കി.
നേരത്തെ പാക്കിസ്ഥാന് നായകന് ബാബര്‍ അസമും കോഹ്ലിക്ക് പിന്തുണയുമായി എത്തിയിരുന്നു.