അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പ് നേട്ടം തുടക്കം മാത്രമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷഫാലി വര്‍മ. കൗമാരപ്പടയ്ക്കൊപ്പമുള്ള നേട്ടം സീനിയര്‍ ടീമിന്റെ കൂടെ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഷഫാലിയിപ്പോള്‍.
ഫെബ്രുവരി പത്തിനാണ് വനിത ട്വന്റി 20 ലോകകപ്പിന് തുക്കമാകുന്നത്. അണ്ടര്‍ 19 ലോകകപ്പ് നടന്ന ദക്ഷിണാഫ്രിക്കയില്‍ വച്ച് തന്നെയാണ് ടൂര്‍ണമെന്റും.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് അണ്ടര്‍ 19 ലോകകപ്പ് മാത്രമാണോ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അല്ല, ആ വലിയം ട്രോഫിയും കൂടെ എന്നായിരുന്നു ഷഫാലിയുടെ മറുപടി.
“അണ്ടര്‍ 19 ടീമിലെത്തിയപ്പോള്‍ കിരീടം നേടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അത് സാധ്യമായി. ഈ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി സീനിയര്‍ ലോകകപ്പ് കൂടി സ്വന്തമാക്കാന്‍ ശ്രമിക്കും. ഇനി സീനിയര്‍ ടീമിനൊപ്പം ചേര്‍ന്ന ലോകകപ്പിനായി തയാറെടുക്കാനുള്ള സമയമാണ്,” ഷഫാലി വ്യക്തമാക്കി.
അണ്ടര്‍ 19 ലോകകപ്പ് വനിത ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ നേടുന്ന ലോകകിരീടമാണ്. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 17.1 ഓവറില്‍ 68 റണ്‍സിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവറില്‍ ലക്ഷ്യം കണ്ടു.
2020 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോള്‍ ഷഫാലി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗന്‍ഡിലേറ്റ പരാജയത്തിന്റെ വേദന ഇന്നുമുണ്ടെന്നാണ് ഷഫാലി പറഞ്ഞു.
“അണ്ടര്‍ 19 ടീമിലെക്കെത്തിയപ്പോള്‍ ഞാന്‍ വിചാരിച്ച ഒരു കാര്യം ഈ കിരീടം നേടണമെന്ന് മാത്രമായിരുന്നു. ഞാന്‍ എന്റെ പെണ്‍കുട്ടികളോട് പറഞ്ഞതും ഇതായിരുന്നു. നമ്മള്‍ കിരീടം നേടാനായാണ് ഇവിടെ എത്തിയതെന്ന്. അന്ന് ലോകകപ്പ് നഷ്ടമായപ്പോള്‍ സങ്കടം കൊണ്ടാണ് കണ്ണീരണിഞ്ഞത്, ഇന്നത് സന്തോഷത്തിന്റേതായി,” ഷഫാലി കൂട്ടിച്ചേര്‍ത്തു.