സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യയുടെ ഏഷ്യ കപ്പ് കിരീട സാധ്യതകള്‍ക്ക് ആശങ്കയായിരിക്കുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയോട് ജയിച്ചില്ലെങ്കില്‍ രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും കനത്ത തിരിച്ചടിയാകും.
ഇത്തവണ ഏഷ്യ കപ്പ് കിരീടം നേടാന്‍ പാക്കിസ്ഥാനാണ് കൂടുതല്‍ സാധ്യതയെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം വിരേന്ദര്‍ സേവാഗ്.
“ഇന്ത്യ അടുത്ത ഏതെങ്കിലും മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ടൂര്‍ണമെന്റിന്റെ പുറത്ത് പോകും. പാക്കിസ്ഥാന് ഒന്ന് തോറ്റാലും അടുത്തത് ജയിച്ചാല്‍ മതിയാകും. അതോടെ രണ്ട് കളികള്‍ ജയിച്ച പാക്കിസ്ഥാന് ഫൈനലില്‍ എത്തും. അതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യയ്ക്ക് സമ്മര്‍ദം നല്കുന്നവയായിരിക്കും,” സേവാഗ് ക്രിക്ബസിനോട് പറഞ്ഞു.
“വളരെ കാലത്തിന് ശേഷം പാക്കിസ്ഥാന് ഏഷ്യ കപ്പ് ഫൈനല്‍ കളിക്കും. ഏറെ നാളുകള്‍ക്ക് ശേഷം അവര്‍ ഏഷ്യ കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇത് പാക്കിസ്ഥാന്റെ വര്‍ഷമാകാനാണ് സാധ്യത,” സേവാഗ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലായിരുന്നു പാക്കിസ്ഥാന് മറികടന്നത്. 71 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്റെയും 20 പന്തില്‍ 42 റണ്‍സെടുത്ത മുഹമ്മദ് നവാസിന്റെയും പ്രകടനമാണ് നിര്‍ണായകമായത്.