scorecardresearch
Latest News

‘ടീമിനുള്ളില്‍ രോഹിതും കോഹ്ലിയും രണ്ട് ചേരിയില്‍, ഒത്തുതീര്‍പ്പാക്കിയത് രവി ശാസ്ത്രി’

ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്

Rohit Sharma, Virat Kohli
Photo: BCCI

2019 ഏകദിന ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ ഭിന്നത രൂപപ്പെട്ടിരുന്നതായി മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍. ടീമിനുള്ളില്‍ രോഹിത് ക്യാമ്പും വിരാട് ക്യാമ്പും ഉണ്ടായിരുന്നതായും അന്നത്തെ പരിശീലകന്‍ രവി ശാസ്ത്രി നേരിട്ട് ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയതെന്നും ശ്രീധര്‍ തന്റെ പുസ്തകമായ കോച്ചിങ് ബിയോണ്ട്. മൈ ഡെയിസ് വിത് ദി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വെളിപ്പെടുത്തി.

“ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് സെമി ഫൈനലില്‍ പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളില്‍ പല തെറ്റായ കാര്യങ്ങളും പ്രത്യക്ഷപ്പെട്ടു. ടീമിനുള്ളില്‍ രോഹിതിനും വിരാടിനും പക്ഷങ്ങളുണ്ടെന്നും ഒരാള്‍ മറ്റൊരാളെ സമൂഹ മാധ്യമങ്ങളില്‍ അണ്‍ഫോളൊ ചെയ്തെന്നുമെല്ലാമായിരുന്നു പുറത്തു വന്നിരുന്ന കാര്യങ്ങള്‍,” ശ്രീധര്‍ പറഞ്ഞു.

“ലോകകപ്പിന് 10 ദിവസത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കായി ഞങ്ങള്‍ അമേരിക്കയിലെത്തി. രവി ശാസ്ത്രി ആദ്യം ചെയ്തത് രോഹിതിനേയും വിരാടിനേയും നേരിട്ട് വിളിച്ച് സംസാരിക്കുകയെന്നതായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സംഭവിക്കുന്നത് വിട്ടുകളയുക, നിങ്ങള്‍ രണ്ട് പേരുമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ മുതിര്‍ന്ന താരങ്ങള്‍, അതിനാല്‍ ഇത് അവസാനിപ്പിക്കണം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നേറ്റത്തിനായി ഒരുമിച്ച് നില്‍ക്കണം,” ശാസ്ത്രി ഇരുവരോടും നിര്‍ദേശിച്ചതായി ശ്രീധര്‍ പറയുന്നു.

“അതിന് ശേഷം കാര്യങ്ങള്‍ കുറച്ച് കൂടി മെച്ചപ്പെട്ടതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. രവിയുടെ ഇടപെടല്‍ ലളിതമായിരുന്നു. ഇരുവരേയും ഒരുമിച്ച് നിര്‍ത്തുക, സംസാരിപ്പിക്കുക എന്നതായിരുന്നു. രവി കുറച്ച് പോലും അതിനായി അമാന്തിച്ചില്ല,” ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.

രോഹിതുമായി പ്രശ്നങ്ങള്‍ ഇല്ലെന്നും പുറത്തു വരുന്ന കാര്യങ്ങള്‍ കേവലം മാധ്യമ സൃഷ്ടി മാത്രമാണെന്നുമായിരുന്നു കോഹ്ലി അന്ന് പറഞ്ഞിരുന്നത്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: There was a rohit camp and a virat camp r sridhar reveals