ലണ്ടണ്‍: ഓവലിലെ രോഹിത് ശര്‍മയുടെ സെഞ്ചുറി ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 2013 ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച രോഹിതിന്റെ വിദേശ മണ്ണിലെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പിറന്നത്. താരം നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തിലാണ് ഇന്ത്യയ്ക്ക് വന്‍ ലീഡ് നേടാനായതും. രോഹിതിന്റെ മികവിന്റെ അതിരുകളില്ലാതെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ബോളര്‍ ആശിഷ് നെഹ്റ.
“കട്ട് ഷോട്ടുകളോ സ്വീപ് ഷോട്ടുകളോ ആകട്ടെ രോഹിത് ശര്‍മയുടെ കൈവശമില്ലാത്ത ഷോട്ടുകള്‍ ഇല്ല. ഒരു ഷോട്ടുമാത്രമാണ് രോഹിത് താരതമ്യേന കളിക്കാത്തത്. അത് റിവേഴ്സ് സ്വീപ്പാണ്. അത് മാത്രമാണ് ടെസ്റ്റിലിനി കളിക്കാന്‍ ബാക്കിയുള്ളത്,” നാലാം ടെസ്റ്റിന് ശേഷമുള്ള സോണി സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ആശിഷ് നെഹറ വ്യക്തമാക്കി.
“രോഹിത് തന്റെ ആദ്യ സെഞ്ചുറിയായിരിക്കാം നേടിയത്, പക്ഷെ പരമ്പരയില്‍ ഉടനീളം അയാള്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. നോട്ടിങ്ഹാമിലെ രോഹിതിന്റെ തുടക്കം. രണ്ടു മൂന്ന് തവണ പുള്‍ ഷോട്ട് കളിച്ച് പുറത്തായെങ്കിലും കളിയെ സമീപിക്കുന്ന രീതിയില്‍ രോഹിത് മാറ്റം വരുത്തിയിട്ടുണ്ട്. ഇത്രയും പ്രതികൂലമായ സാഹചര്യത്തിലും രോഹിത് തന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്,” നെഹ്റ കൂട്ടിച്ചേര്‍ത്തു.
പരമ്പരയില്‍ എട്ട് ഇന്നിങ്സുകളിലായി രോഹിത് 386 റണ്‍സാണ് ഇതുവരെ നേടിയത്. ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടിയതും രോഹിത് തന്നെ. പരമ്പരയില്‍ റണ്‍ വേട്ടയില്‍ മുന്നില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ്. 564 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സെപ്തംബര്‍ 10-ാം തിയതി മാഞ്ചസ്റ്ററിലാണ് അവസാന് ടെസ്റ്റ്.