ക്രിക്കറ്റില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). മങ്കാദിങ്, ഫീല്‍ഡറുടെ സ്ഥാനമാറ്റം, പുതിയ ബാറ്റര്‍ ആദ്യ പന്ത് നേരിടുന്നതിനുള്ള സമയപരിധി എന്നിവയിലാണ് മാറ്റങ്ങല്‍. ഒക്ടോബര്‍ ആദ്യം മുതല്‍ നിയമങ്ങള്‍ നിലവില്‍ വരും.
ഫീല്‍ഡര്‍ മാറിയാല്‍ പണികിട്ടും
പന്തെറിയുന്നതിനായി ബോളര്‍ ഓടിയെത്തുന്നതിനിടയില്‍ ഫീല്‍ഡര്‍മാര്‍ മനപൂര്‍വമോ അല്ലാതെയോ സ്ഥാനം മറിയാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് നല്‍കും. പന്ത് ഡെഡ് ബോളാവുകയും ചെയ്യും. വിക്കറ്റ് കീപ്പര്‍ക്ക് മാത്രമാണ് ഇതില്‍ ഇളവുള്ളത്.
മങ്കാദ് ഇനി റണ്ണൗട്ട്
നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെ ബാറ്റര്‍ ക്രീസിന് പുറത്തിറങ്ങുമ്പോള്‍ ബോളര്‍മാര്‍ റണ്ണൗട്ടാക്കുന്ന പതിവ് ക്രിക്കറ്റിലുണ്ട്. മങ്കാദിങ്ങ് എന്നായിരുന്നു എത്തരത്തിലുള്ള പുറത്താകലിനെ വിശേഷിപ്പിച്ചിരുന്നത്. മുന്‍ ഇന്ത്യന്‍ താരം വിനോദ് മങ്കാദ് ഓസ്ട്രേലിയന്‍ താരം ബില്‍ ബ്രൗണിനെ രണ്ട് തവണ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ഈ പേര് നല്‍കിയത്. പുതിയ നിയമം അനുസരിച്ച് മങ്കാദിങ്ങിനെ റണ്ണൗട്ട് എന്നായിരിക്കും വിശേഷിപ്പിക്കുക.
സ്ട്രൈക്ക് ചെയ്യേണ്ടത് പുതിയ ബാറ്റര്‍
കളി വേഗത്തിലാക്കുന്നതിനായി പുതുതായി വരുന്ന ബാറ്റര്‍ ഇനിമുതല്‍ രണ്ട് മിനുട്ടിനുള്ളില്‍ ആദ്യ പന്ത് നേരിട്ടിരിക്കണം. ഏകദിനത്തിലും ടെസ്റ്റിലുമാണ് രണ്ട് മിനുട്ടെന്ന സമയപരിധി. ട്വന്റി 20യിലേക്കെത്തുമ്പോള്‍ ഇത് 90 സെക്കന്‍ഡായി ചുരുങ്ങുന്നു.
നേരത്തെ ഏകദിനത്തിലും ടെസ്റ്റിലും പുതിയ ബാറ്റര്‍ ആദ്യ പന്ത് നേരിടുന്നതിനുള്ള സമയപരിധി മൂന്ന് മിനുട്ടായിരുന്നു. ഇത് ബ്രോഡ്കാസ്റ്റിങ് ചാനലുകള്‍ക്കും തിരിച്ചടിയാവുകയാണ്. കാരണം പ്രധാന വരുമാന ശ്രോതസായ പരസ്യങ്ങളുടെ നിശ്ചിത സമയവും ഇതോടെ കുറയ്ക്കേണ്ടതായി വരും.