അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ വച്ച് ബിസിസിഐ ഇന്ത്യന്‍ ടീമിനെ ആദരിച്ച ചടങ്ങിലാണ് സച്ചിന്റെ വാക്കുകള്‍.
“നിങ്ങളുടെ വിജയത്തില്‍ ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കിരീടനേട്ടം വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ രാജ്യം ആഘോഷിക്കും,” സച്ചിന്‍ പറഞ്ഞു.
“എന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ തുടങ്ങിയത് 1983-ലെ ലോകകപ്പ് വിജയത്തോടെയാണ്, അത്തരത്തില്‍ നിരവധി പേരുടെ സ്വപ്നങ്ങള്‍ക്കാണ് നിങ്ങള്‍ ജന്മം നല്‍കിയിരിക്കുന്നത്,” സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
“ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് ലോകകപ്പ് കിരീടനേട്ടം. വനിത ഐപിഎല്ലിന്റെ തുടക്കം വലിയൊരു നാഴികക്കല്ലാണ്. കായികത്തില്‍ മാത്രമല്ല, എല്ലാ മേഖലയില്‍ തുല്യതയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവസരങ്ങളും തുല്യമായിരിക്കണം,” സച്ചിന്‍ വ്യക്തമാക്കി.
രാജ്യത്ത് വനിത ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി ബിസിസിഐ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സച്ചിന്‍ എടുത്ത് പറഞ്ഞു.
ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ട്വന്റി 20-യ്ക്ക് മുന്‍പാണ് വനിത ടീമിനെ ആദരിച്ചത്. അഞ്ച് കോടി രൂപ പാരിതോഷികവും ടീമിന് ബിസിസിഐ കൈമാറി. ചടങ്ങില്‍ സച്ചിന് പുറമെ ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി തുടങ്ങിയവരും സന്നിഹിതരായിരുന്നു.