ക്രിക്കറ്റ് താരങ്ങള്‍ ഡക്ക് ആകുന്നത് അത്ര അപൂര്‍വ്വ സംഭവമല്ല. മിക്ക കളിയിലും ഏതെങ്കിലുമൊരു താരം സംപൂജ്യനാകാറുണ്ട്. എന്നാല്‍ ഒരു ടീമിലെ എല്ലാവരും ഡക്ക് ആകുന്നത് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ അധികം കാണില്ല. അങ്ങനെയൊന്ന് നടന്നിരിക്കുകയാണ്. ദൂരെയെങ്ങുമല്ല, ഇവിടെ കേരളത്തിലാണ് സംഭവം.

ജില്ലാ തല അണ്ടര്‍ 19 വനിതാ മത്സരത്തിലാണ് സംഭവം. കാസര്‍കോടും വയനാടും തമ്മിലുള്ള മത്സരത്തിലാണ് കളിക്കളത്തിലെ അപൂര്‍വ്വവും അസ്വാഭാവികവുമായ കാഴ്ച അരങ്ങേറിയത്. മലപ്പുറത്തെ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം. കാസര്‍കോട് ടീമിനാണ് നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമായത്.

കാസര്‍കോട് നായിക എസ് അക്ഷതയാണ് ടോസ് നേടിയത്. ടോസ് നേടിയ അക്ഷത ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അപ്പോള്‍ വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് അക്ഷതയ്ക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. ബാറ്റ് ചെയ്ത എല്ലാവരും സംപൂജ്യരായി പുറത്താവുകയായിരുന്നു.

വയനാട് താരങ്ങളുടെ ദയവ് കൊണ്ട് മാത്രമാണ് ടീം ടോട്ടലും പൂജ്യം ആകാതിരുന്നത്. വയനാട് ബോളര്‍മാര്‍ നാല് റണ്‍സ് എക്‌സ്ട്രയായി നല്‍കി. ആദ്യ രണ്ട് ഓവര്‍ ബാറ്റ് ചെയ്ത ശേഷമാണ് കാസര്‍കോട് ഓപ്പണര്‍മാരായ വീക്ഷിതയും എസ് ചൈത്രയും പുറത്തായത്. വയനാട് നായിക നിത്യ ലൂര്‍ദ് മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഒരു ഓവറില്‍ വയനാട് അഞ്ച് റണ്‍സിന്റെ വിജയ ലക്ഷ്യം മറി കടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook