മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ എക്സ് ഫാക്ടര്‍ ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത് ശര്‍മ. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് രോഹിതത് ഇക്കാര്യം സൂചിപ്പിച്ചത്. അത് മറ്റാരുമല്ല നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഫോമിലുള്ള സൂര്യകുമാര്‍ യാദവാണ്.
“സൂര്യ മികച്ച ഫോമിലാണ്. ഇതേ രീതിയില്‍ തുടര്‍ന്നും ബാറ്റ് ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. അവന്‍ നല്ല ആത്മവിശ്വാസത്തിലുമാണ്. ഭയമില്ലാതെയാണ് സൂര്യയുടെകളി. കഴിവുകള്‍ വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്. ടീമിന്റെ എക്സ് ഫാക്ടര്‍ സൂര്യയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,” രോഹിത് പറഞ്ഞു.
ടീമിലെ ചില സുപ്രധാന മുഖങ്ങള്‍ ഇല്ലാതെയാണ് രോഹിതും കൂട്ടരും ലോകകപ്പിനിറങ്ങുന്നത്. പ്രത്യേകിച്ചും ഫാസ്റ്റ് ബോളര്‍ ജസ്പ്രിത് ബുംറ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍. ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളെ എങ്ങനെ മറികടക്കുന്നുവെന്നും രോഹിത് വിശദമാക്കി.
“പരിക്കുകളുടെ കാര്യത്തില്‍ നമുക്ക് ഒന്നും ചെയ്യാനില്ല. വിദഗ്ധരുമായി സംസാരിച്ചിരുന്നു, ബുംറയെ എങ്ങനെയെങ്കിലും ലോകകപ്പിന്റെ ഭാഗമാക്കാനുള്ള ശ്രമം നടത്തി. പക്ഷെ അവന്റെ കരിയര്‍ പ്രധാനമാണ്. ഈ പ്രായത്തില്‍ റിസ്ക് എടുക്കാന്‍ കഴിയില്ല. തീര്‍ച്ചയായും ബുംറയെ മിസ് ചെയ്യും,” രോഹിത് കൂട്ടിച്ചേര്‍ത്തു.
“പരിക്കുകള്‍ കളിയുടെ ഭാഗമാണ്. നിങ്ങള്‍ ഒരുപാട് കളികളുടെ ഭാഗമായാല്‍ പരിക്കുകള്‍ തീര്‍ച്ചയായും ഉണ്ടാകും. അതിനാലാണ് ബെഞ്ച് സ്ട്രെങ്ത് വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതും,” രോഹിത് പറഞ്ഞു.
പാക്കിസ്ഥാനെതിരായ മത്സരത്തിന്റെ കാര്യത്തില്‍ ടീം ഘടന എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതില്‍ മാറ്റമില്ലെന്നുമായിരുന്നു ഇന്ത്യന്‍ നായകന്റെ മറുപടി.