ഏഷ്യ കപ്പിനുള്ളില്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെട്ടപ്പോള്‍ ട്വന്റി 20 ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടമുണ്ടാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ അത്ഭുതങ്ങളൊന്നുമുണ്ടായില്ല. ഇത്തവണയും സഞ്ജു പുറത്ത് തന്നെ. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരയില്‍ പോലും താരത്തെ ബിസിസിഐ പരിഗണിച്ചില്ല.
ടീം പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജു ഫെയ്സ്ബുക്കില്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്തു. തലകുനിച്ച് ഫോണിലേക്ക് നോക്കി നില്ക്കുന്ന സഞ്ജുവിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ചിത്രത്തിന് താഴെ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആരാധകക്കൂട്ടം.
“ഒരു നാൾ നിന്നെ നോക്കി പുച്ഛിച്ചവരും മനഃപൂർവ്വം പിന്തള്ളുന്നവരും മുൻപിൽ നിന്ന് നിനക്ക് വേണ്ടി കയ്യടിക്കും. ഇന്ന് പുറംകാലിനടിക്കുന്നവരെ നോക്കി നിനക്കന്ന് ചിരിക്കാം. ഇന്നും അന്നും എന്നും മലയാളികളെല്ലാം കൂടെയുണ്ടാകും,” ഒരാള്‍ കമന്റ് ചെയ്തു.
“ആദ്യം നിങ്ങളെ പുച്ഛിക്കും പിന്നെ തള്ളി കളയും. പക്ഷെ ഒരു ദിവസം നിങ്ങൾ ഇല്ലാതെ ഇന്ത്യന്‍ ടീം ഇല്ല എന്ന അവസ്ഥ വരും. അന്ന് ബിസിസിഐ മനസിലാക്കും താമസിച്ചു പോയി എന്ന്. തളരരുത്,” എന്നായിരുന്നു മറ്റൊരാളുടെ വാക്കുകള്‍.
ഇത്തരത്തില്‍ ആയിരക്കണക്കിന് കമന്റുകളാണ് സഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. ഇന്ത്യന്‍ ടീം വിട്ട് മറ്റ് രാജ്യത്തിന് വേണ്ടി കളിച്ച് കപ്പ് നേടാന്‍ സഞ്ജുവിനെ ഉപദേശിച്ചവരാണ് കമന്റ് ബോക്സില്‍ കൂടുതലായുള്ളത്.
അടുത്തിടെ അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 സഞ്ജു തിളങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ 42 പന്തില്‍ 77 റണ്‍സാണ് താരം നേടിയത്. സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 അര്‍ധ സെഞ്ചുറി കൂടിയായിരുന്നു ഇത്.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് വൈകുന്നേരമാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കും. കെഎല്‍ രാഹുലാണ് ഉപനായകന്‍. പരിക്കില്‍ നിന്ന് മുക്തി നേടിയ സൂപ്പര്‍ താരങ്ങളായ ജസ്പ്രിത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ലോകകപ്പിന് പുറമെ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഐസിസി ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയി, ദീപക് ചഹര്‍.