മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 12 പോരാട്ടം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന് നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ കാര്‍ത്തിക്കിന് പരിക്കേറ്റിരുന്നു. കാര്‍ത്തിക്കിന് പകരക്കാരനായി റിഷഭ് പന്ത് ടീമിലെത്തിയേക്കുമെന്നാണ് സൂചനകള്‍. ഫോമിലല്ലാത്ത കെ എല്‍ രാഹുലിന് ബംഗ്ലാദേശിനെതിരെയും പരിഗണിക്കാനാണ് സാധ്യത.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു കാര്‍ത്തിക്കിന് പരിക്കേറ്റത്. പുറം വേദനയെ തുടര്‍ന്ന് കാര്‍ത്തിക്ക് 16-ാം ഓവറില്‍ കളം വിട്ടിരുന്നു. പകരക്കാരനായി പന്ത് എത്തുകയും ചെയ്തു. 37-കാരനായ കാര്‍ത്തിക്കിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ താരം ഇന്ന് പരിശീലനത്തില്‍ പങ്കെടുത്തിരുന്നു.
എന്നിരുന്നാലും കാര്‍ത്തിക്കിന് വിശ്രമം അനുവദിക്കാന്‍ ടീം മാനേജ്മെന്റ് തയാറായേക്കുമെന്നാണ് വിവരം. ലോകകപ്പില്‍ ഇതുവരെ തിളങ്ങാന്‍ വലം കയ്യന്‍ ബാറ്റര്‍ക്കായിട്ടില്ല. പാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും രണ്ടക്കം കടക്കാന്‍ പോലും കാര്‍ത്തിക്കിന് സാധിച്ചില്ല. ഇരു മത്സരങ്ങളില്‍ നിന്നും ഏഴ് റണ്‍സ് മാത്രമാണ് നേടാനായത്. അതിനാല്‍ തന്നെ കാര്‍ത്തിക്കിന് പകരം പന്തിനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
എന്നാല്‍ ബംഗ്ലാദേശിനെതിരെ വിശ്രമം അനുവദിച്ചാല്‍ കാര്‍ത്തിക്കിന് തിരിച്ചടിയായേക്കും. മോശം ഫോമില്‍ തുടരുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശിനെതിരെ റണ്‍സ് നേടി ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമായിരിക്കും നഷ്ടമാകുക. പകരക്കാരനായെത്തുന്ന പന്ത് മികച്ച സ്കോര്‍ കണ്ടെത്തിയാല്‍ ടീമിലേക്കുള്ള കാര്‍ത്തിക്കിന്റെ മടങ്ങി വരവും ദുഷ്കരമാകാനിടയുണ്ട്.