മെല്‍ബണ്‍: സൂപ്പര്‍ താരം ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ബോളിങ് നിരയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരായ പരമ്പരകളില്‍ ഇന്ത്യയുടെ ബോളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒരു താത്പര്യക്കുറവും കാണിച്ചിരുന്നില്ല. പ്രത്യേകിച്ചും ഭുവനേശ്വര്‍ കുമാറിനെ പോലെ പരിചയസമ്പത്തുള്ള താരങ്ങള്‍.
ഈ വര്‍ഷം ട്വന്റി 20-യില്‍ ആറ് തവണയാണ് ഇന്ത്യ ഇരുനൂറിലധികം റണ്‍സ് വഴങ്ങിയത്. ഇന്ത്യയുടെ ട്വന്റി 20 ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്. ലോകകപ്പിന് മുന്‍പ് ബോളിങ് നിരയിലെ ആശങ്കകളോട് പ്രതികരിച്ചിരിക്കുകയാണ് മുതിര്‍ന്ന താരമായ ആര് അശ്വിന്.
“ബോളര്‍മാര്‍ റണ്‍സ് വഴങ്ങുന്നു എന്ന് പറയാം. പക്ഷെ മനസിലാക്കേണ്ട ഒരു കര്യം ഇന്ത്യയിലേത് ചെറിയ മൈതാനങ്ങളാണ്. ഓസ്ട്രേലിയയിലേക്ക് എത്തുമ്പോള്‍ ബൗണ്ടറികള്‍ വലുതാണ്. ബോളര്‍മാര്‍ക്ക് തന്ത്രങ്ങള്‍ പരീക്ഷിക്കാന്‍ കൂടുതല്‍ അവസരം ഒരുങ്ങുകയും ചെയ്യും,” അശ്വിന് വ്യക്തമാക്കി.
“സാഹചര്യങ്ങള്‍ മനസിലാക്കുക എന്നത് പ്രധാനമാണ്. ഏത് ലെങ്തില്‍ പന്തെറിയണം, റിസ്ക് എടുക്കാന്‍ കഴിയുന്ന അവസരങ്ങളില്‍ അതിന് തയാറാകണം. പുതുതായി എല്ലാം ആരംഭിക്കുക, ഒന്നില്‍ നിന്ന് തുടങ്ങുക,” താരം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ബോളര്‍മാര്‍ ഓസ്ട്രേലിയയിലെ സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുമെന്ന് കണ്ടറിയേണ്ടതാണ്. ജസ്പ്രിത് ബുംറയുടെ പകരക്കാരന് ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മുഹമ്മദ് ഷമിയായിരിക്കുമെന്നാണ് സൂചനകള്‍.
അതേസമയം, വെസ്റ്റേണ്‍ ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 158 റണ്‍സ് വിജയകരമായി പ്രതിരോധിക്കാന്‍ ബോളിങ് നിരയ്ക്ക് സാധിച്ചു. അര്‍ഷദീപ് സിങ്ങ് മൂന്നും ഭുവി, ചഹല്‍ എന്നിവര്‍ രണ്ടും വീതം വിക്കറ്റെടുത്തു.