/indian-express-malayalam/media/media_files/uploads/2022/10/t20-world-cup-namibia-upsets-sri-lanka-in-tournament-opener-708465.jpg)
Photo: ICC
മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നമീബിയക്ക് അട്ടിമറി ജയം. ഏഷ്യ കപ്പ് ജേതാക്കളും മുന്‍ ചാമ്പ്യന്മാരുമായി ശ്രീലങ്കയെ 55 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 108 ല്‍ അവസാനിച്ചു.
164 എന്ന ഭേദപ്പെട്ട സ്കോര്‍ അത്ര ശക്തരല്ലാത്ത നമീബിയക്കെതിരെ അനായാസം മറികടക്കാം എന്ന നിലയിലായിരുന്നു ശ്രീലങ്കന്‍ ബാറ്റര്‍മാരുടെ ശരീരഭാഷ. ആദ്യ പന്തില്‍ ബൗണ്ടറി പായിച്ചായിരുന്നു പാത്തും നിസങ്ക ഇന്നിങ്സിന് തുടക്കം കുറിച്ചത്. ജയിക്കാനാകുമെന്ന ശ്രീലങ്കയുടെ ആത്മവിശ്വാസത്തെ നമീബിയ നേരിട്ടത് കൃത്യതയാര്‍ന്ന ബോളിങ്ങും മികച്ച ഫീല്‍ഡിങ് പ്രകടനവും കൊണ്ടായിരുന്നു.
കുശാല്‍ മെന്‍ഡിസിനെ (6) പറഞ്ഞയച്ച് ഡേവിഡ് വീസാണ് ശ്രീലങ്കയുടെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. നിസങ്കയേയും (9) ധനുഷ്ക ഗുണിതിലകയേയും (0) അടുത്തടുത്ത പന്തുകളില്‍ മടക്കി ബൈന്‍ ഷിക്കോങ്കൊ ശ്രീലങ്കയ്ക്ക് ഞെട്ടല്‍ സമ്മാനിച്ചു. പിന്നീട് വന്ന ബാറ്റര്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. കൂട്ടുകെട്ടുണ്ടാക്കി വിജയം പിടിക്കാമെന്ന ചിന്ത ആര്‍ക്കുമുണ്ടായില്ല.
ധനഞ്ജയ ഡി സില്‍വ (12), ഭാനുക രാജപക്സ (20), ദാസുന്‍ ഷനക (29), വനിന്ദു ഹസരങ്ക (4), ചാമിക കരുണരത്നെ (5), പ്രമോദ് മദുശന്‍ (0), ദുശ്മന്ത ചമീര (8) എന്നിങ്ങനെയാണ് ശ്രീലങ്കന്‍ ബാറ്റര്‍മാരുടെ പ്രകടനം. നമീബിയക്കായി ഡേവിഡ് വീസ്, ബെര്‍ണാഡ് സ്കോള്‍സ്, ബെന്‍ ഷിക്കോങ്കൊ, ജാന്‍ ഫ്രിലിങ്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നമീബിയക്കും പ്രതീക്ഷിച്ച തുടക്കം ലഭിച്ചിരുന്നില്ല. 14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്. എന്നാല്‍ ജാന്‍ ഫ്രിലിങ്കും ജെജെ സ്മിറ്റും ചേര്‍ന്ന് അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടി. ജാന്‍ 28 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് അവസാന പന്തിലാണ് പുറത്തായത്. സ്മിറ്റാകട്ടെ 16 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us