ന്യൂഡല്‍ഹി: ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന 2022 ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലെ നിരാശ പ്രകടിപ്പിച്ച് ഇന്ത്യന്‍ പേസ് ബോളര്‍ ജസ്പ്രിത് ബുംറ.
പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയും വലം കയ്യന്‍ പേസ് ബോളര്‍ക്ക് നഷ്ടമായിരുന്നു.
“ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് എനിക്ക് നഷ്ടമാകുമെന്ന് ഉറപ്പായി. ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. പരിക്ക് ഭേദമാകുമ്പോള്‍ ടീമിന് പ്രോത്സഹനവുമായി ഞാന്‍ ഉണ്ടാകും,” ബുംറ ട്വീറ്റ് ചെയ്തു.
എന്നാല്‍ ട്വന്റി 20 ലോകകപ്പില്‍ ബുംറയുടെ പകരക്കാരന്‍ ആരെന്ന കാര്യം ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുഹമ്മദ് ഷമി, ദീപക് ചഹര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. നിലവിലെ ഇന്ത്യന്‍ പേസ് ബോളര്‍മാരുടെ ഫോം പരിഗണിച്ചു കൂടിയായിരിക്കും തീരുമാനം.
പുറത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി കളത്തില്‍ നിന്ന് വിട്ടു നിന്ന ബുംറ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലാണ് തിരിച്ചു വന്നത്. എന്നാല്‍ പരിമ്പരയ്ക്ക് ശേഷം വീണ്ടും താരത്തിന് പരിക്കേറ്റു.
ഇന്ത്യന്‍ ബോളിങ് നിരയിലെ നിര്‍ണായ ഘടകമായ ബുംറയെ ട്വന്റി 20 ലോകകപ്പിന് മുന്‍പ് ടീമിലേക്ക് തിരികെ വിളിച്ചതില്‍ ബിസിസിഐക്കെതിരെ വ്യാപകമായ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
പത്ത് വര്‍ഷത്തോളമായി ഒരു ഐസിസി കിരീടം നേടാനാകാത്ത ഇന്ത്യന്‍ ടീമിന് ലോകകപ്പിന് മുന്‍പ് കനത്ത പ്രഹരമായിരിക്കുകയാണ് താരത്തിന്റെ അഭാവം. പ്രത്യകിച്ചും ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ ബോളര്‍മാര്‍ ഫോമിലല്ലാത്ത സാഹചര്യത്തില്‍.