ട്വന്റി 20 ലോകകപ്പില്‍ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. നെതര്‍ലന്‍ഡ്സാണ് മുന്‍ ചാമ്പ്യന്മാരുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30-നാണ് കളി ആരംഭിക്കുന്നത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചാണ് മത്സരം.
ചിരവൈരികളായ പാക്കിസ്ഥാനെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ ഇറങ്ങുക. ആവേശപ്പോരാട്ടത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് ലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്.
വിരാട് കോഹ്ലി (53 പന്തില്‍ 82), ഹാര്‍ദിക് പാണ്ഡ്യ (37 പന്തില്‍ 40) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ കോഹ്ലിയും ഹാര്‍ദിക്കും മാത്രമാണ് പാക്കിസ്ഥാനെതിരെ ബാറ്റിങ്ങില്‍ തിളങ്ങിയത്.
നായകന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്ക് എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായിട്ടില്ല. രോഹിത് ഫോം കണ്ടെത്തേണ്ടത് ഇന്ത്യക്ക് ഇപ്പോള്‍ അനിവാര്യമായ ഒന്നാണെന്ന് സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കിയിരുന്നു.
മറുവശത്ത് ബോളിങ്ങില്‍ മികച്ച പ്രകടനമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ പുറത്തെടുത്തത്. അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ സംഘം എട്ട് വിക്കറ്റാണ് പിഴുതത്. ജസ്പ്രിത് ബുംറയുടെ അഭാവം നികത്തുന്നതായിരുന്നു നാല്‍വര്‍ സംഘത്തിന്റെ പ്രകടനം.