ന്യൂഡല്‍ഹി: 2022 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ഒക്ടോബര്‍ 23 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചാണ് മത്സരം. ലോകകപ്പ് കാണാന്‍ ഇതുവരെ അഞ്ച് ലക്ഷത്തോളം പേരാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.
ആരാധകര്‍ക്ക് നിന്നുകൊണ്ട് മത്സരം കാണാനം അവസരം ലഭിക്കുന്ന ടിക്കറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് തീര്‍ന്നത്. ടിക്കറ്റുകള്‍ റി സെയില്‍ ചെയ്യുന്നതിനായി പ്രത്യേക പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.
16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കാണാന്‍ 82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. 2020 വനിത ട്വന്റി 20 ലോകകപ്പിന് ശേഷം ആദ്യമായാണ് സ്റ്റേഡിയത്തിനുള്ളില്‍ പൂര്‍ണമായി കാണികളെ അനുവദിക്കുന്ന ഐസിസി ടൂര്‍ണമെന്റായിരിക്കും ഇത്.
ഓക്ടോബര്‍ 27-ാം തീയതി നടക്കുന്ന ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ്, ഇന്ത്യ-ഗ്രൂപ്പ് എ റണ്ണര്‍ അപ്പ് മത്സരങ്ങളുടെ ടിക്കറ്റുകളും വിറ്റു തീര്‍ന്നു. കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള സൂപ്പര്‍ 12 പോരാട്ടത്തിന് ചുരുക്കം ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് ഐസിസി അറിയിച്ചു. ഒക്ടോബര്ഡ 22 നാണ് മത്സരം.