scorecardresearch
Latest News

ട്വന്റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി നെതര്‍ലന്‍ഡ്സ്, ഇന്ത്യ സെമിയില്‍

ഇന്ന് നടക്കുന്ന ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ മത്സരത്തിലെ വിജയിയും അവസാന നാലിലേക്കെത്തും

ട്വന്റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി നെതര്‍ലന്‍ഡ്സ്, ഇന്ത്യ സെമിയില്‍
Photo: Facebook/ ICC

മെല്‍ബണ്‍: ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി പടിക്കല്‍ കലമുടച്ച് ദക്ഷിണാഫ്രിക്ക. ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി സെമി ഫൈനല്‍ കാണാതെ പുറത്തേക്ക്. ദക്ഷിണാഫ്രിക്കയുടെ പരാജയത്തോടെ ഇന്ത്യ സെമിയിലേക്ക് കടന്നു. ഇന്ന് നടക്കുന്ന ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ മത്സരത്തിലെ വിജയിയും അവസാന നാലിലേക്കെത്തും.

സെമിയിലേക്ക് എത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ജയം മാത്രമായിരുന്നു ആവശ്യമായിരുന്നത്. എന്നാല്‍ സമ്മര്‍ദ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി പ്രോട്ടീസിന് അടിതെറ്റുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. അവസാന രണ്ട് ഓവറുകളില്‍ 31 റണ്‍സ് നേടിയതാണ് നെതര്‍ലന്‍ഡ്സിന് തുണയായത്.

നെതര്‍ലന്‍ഡ്സിന്റെ ബാറ്റിങ് നിരയില്‍ അവസരത്തിനൊത്തായിരുന്നു എല്ലാവരും കളിച്ചത്. മൈബര്‍ഗ് (37), മാക്സ് ഓഡോഡ് (29), ടോം കൂപ്പര്‍ (35), അക്കര്‍മാന്‍ (26 പന്തില്‍ 41), എഡ്വേഡ്സ് (12) എന്നിവര്‍ തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹരാജ് രണ്ടും, നോര്‍കെ, മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഭേദപ്പെട്ട സ്കോര്‍ മാത്രമായിരുന്നു നെതര്‍ലന്‍ഡ്സിന് ഉയര്‍ത്താനായത്. എന്നാല്‍ ജയം അനായാസം നേടുമെന്ന് തോന്നിപ്പിച്ച നിലയില്‍ നിന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച. കൂറ്റനടിക്കാരാല്‍ സമ്പന്നമായ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയെ വലിഞ്ഞു മുറുക്കിയ നെതര്‍ലന്‍ഡ്സിന്റെ ബോളിങ് നിരയ്ക്ക് തന്നെയാണ് 100 മാര്‍ക്കും.

ക്വന്റന്‍ ഡി കോക്ക് (13 പന്തില്‍ 13), ടെംബ ബാവുമ (20 പന്തില്‍ 20), റിലി റൂസോ (19 പന്തില്‍ 25), മാര്‍ക്രം (13 പന്തില്‍ 17), ഡേവിഡ് മില്ലര്‍ (17 പന്തില്‍ 17), ക്ലാസണ്‍ (18 പന്തില്‍ 21) എന്നിങ്ങനെയാണ് പ്രധാന ബാറ്റര്‍മാരുടെ സ്കോര്‍. നെതര്‍ലന്‍ഡ്സിനായി ബ്രാന്‍ഡണ്‍ ഗ്ലോവര്‍ മൂന്നും ബാസ് ഡി ലീഡിയും ഫ്രെഡ് ക്ലാസനും രണ്ട് വിക്കറ്റ് വീതം നേടി.

ടൂര്‍ണമെന്റിലെ നെതര്‍ലന്‍ഡ്സിന്റെ രണ്ടാമത്തെ വിജയമാണിത്. നേരത്തെ സിംബാബ്വെയേയും ടീം അട്ടിമറിച്ചിരുന്നു. പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് ഇനി സാധ്യതയില്ല. പാക്കിസ്ഥാനും ബംഗ്ലാദേശിനും നാല് പോയിന്റ് വീതമാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചും.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: T20 world cup 2022 netherlands beat south africa by 13 runs

Best of Express