T20 World Cup 2022, India vs Netherlands Cricket Score Updates: ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് 56 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് പിന്‍തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് എടുത്തത്. ഇന്ത്യക്കായി ഭുവനേഷ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സമി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ രോഹിത് ശര്‍മ (53), വിരാട് കോഹ്ലി (62), സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ 179 റണ്‍സെടുത്തത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ദുഷ്കരമായ പിച്ചില്‍ രോഹിതും രാഹുലും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഒന്‍പത് റണ്‍സില്‍ നില്‍ക്കെ വാന്‍ മീകെരന്‍ രാഹുലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. റിവ്യു നല്‍കാതെ താരം പവലിയനിലേക്ക് മടങ്ങി. എന്നാല്‍ പിന്നീട് താരത്തിന്റെ തീരുമാനം തെറ്റായിരുന്നെന്ന് തെളിയുകയും ചെയ്തു.
മൂന്നാമനായെത്തിയ കോഹ്ലിയെ കൂട്ടുപിടിച്ച് രോഹിത് ഇന്നിങ്സിന് അടിത്തറ പാകുകയായിരുന്നു. പവര്‍പ്ലെയ്ക്ക് ശേഷമാണ് രോഹിത് വമ്പനടിക്ക് തുടരെ ശ്രമിച്ചത്. പാളിച്ചകളോടെ തുടങ്ങിയ രോഹിതിന്റെ ഇന്നിങ്സിന് പിന്നീട് ജീവന്‍ വയ്ക്കുകയായിരുന്നു. 34 പന്തില്‍ നിന്നായിരുന്നു ഇന്ത്യന്‍ നായകന്‍ അര്‍ധ സെഞ്ചുറി തികച്ചത്. നാല് ഫോറും മൂന്ന് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
രോഹിത് തകര്‍ത്തടിച്ചപ്പോള്‍ കാഴ്ചക്കാരാനായി നിന്ന കോഹ്ലി പിന്നീട് സ്കോറിങ്ങിന് വേഗം കൂട്ടി. നാലാമനായി എത്തിയ സൂര്യകുമാര്‍ തന്റെ ജോലി കളത്തില്‍ ഭംഗിയായി നിര്‍വഹിച്ചു. ഇരുവരും അനായാസം ബൗണ്ടറികള്‍ കണ്ടെത്താന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ റണ്‍റേറ്റും പതിയെ വേഗത കൈവരിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോഹ്ലി അര്‍ധ സെഞ്ചുറി കടന്നു.
കോഹ്ലി ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായപ്പോള്‍ സൂര്യകുമാര്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി കളം പിടിച്ചു. 25 പന്തില്‍ നിന്നായിരുന്നു സൂര്യ അര്‍ധശതകം തികച്ചത്. ഏഴ് ഫോറും ഒരു സിക്സറും സൂര്യയുടെ ഇന്നിങ്സിലുണ്ടായി. 18, 19 ഓവറുകളില്‍ നെതര്‍ലന്‍ഡ്സ് ബോളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഇന്ത്യന്‍ സ്കോര്‍ 179-ല്‍ ഒതുങ്ങാനുള്ള കാരണം. അവസാന ഓവറില്‍ 17 റണ്‍സാണ് ഇന്ത്യ നേടിയത്.