ഇന്‍ഡോര്‍: ട്വന്റി 20 ലോകകപ്പില്‍ പരിക്കേറ്റ സൂപ്പര്‍ താരം ജസ്പ്രിത് ബുംറയുടെ പകരക്കാരന്‍ ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.
“ബുംറ ലോകകപ്പില്‍ നിന്ന് പുറത്തായി, അത് വലിയ നഷ്ടമാണ്. ഞങ്ങള്‍ക്ക് ഒരാലെ കണ്ടെത്തിയെ മതിയാകും. അതാരാണെന്ന് എനിക്കിതു വരെ അറിയില്ല. കുറച്ച് പേര്‍ പരിഗണനയിലുണ്ട്. ഓസ്ട്രേലിയയില്‍ വച്ച് അന്തിമ തീരുമാനമെടുക്കും,” ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 ക്ക് ശേഷം രോഹിത് പറഞ്ഞു.
“ഒരുപാട് കാര്യങ്ങളില്‍ ആശങ്കപ്പെടാനുണ്ട്. ഒന്ന് സൂര്യകുമാര്‍ യാദവിന്റെ ഫോമാണ്,” രോഹിത് ചിരിച്ചു. ഒരുപിടി തനത്ശൈലിയുള്ള തമാശകള്‍ക്ക് ശേഷം രോഹിത് അല്‍പ്പം ഗൗരവത്തിലേക്ക് കടന്നു. ബോളിങ്ങിലെ പോരായ്മകള്‍ നായകന്‍ തുറന്നു പറഞ്ഞു.
“ബോളിങ്ങ് വിശകലനം ചെയ്യേണ്ടതുണ്ട്. പവര്‍പ്ലെയിലും മധ്യ ഓവറുകളിലും അവസാന ഘട്ടത്തിലും എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന് പരിശോധിക്കണം. എല്ലാ കാര്യങ്ങളും പരിഗണച്ചു വരികയാണ്. താരങ്ങള്‍ക്ക് കുറച്ചു കൂടി വ്യക്തത നല്‍കേണ്ടതുണ്ട്, അത് എന്റെ ഉത്തരവാദിത്തമാണ്,” രോഹിത് കൂട്ടിച്ചേര്‍ത്തു.
ട്വന്റി 20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തുന്ന ഇന്ത്യ ആദ്യ നാളുകളില്‍ പെര്‍ത്തിലായിരിക്കും. പെര്‍ത്ത് തിരഞ്ഞെടുക്കാനുള്ള കാരണവും രോഹിത് വെളിപ്പെടുത്തി.
“ടീമിലെ പല താരങ്ങളും ഓസ്ട്രേലിയയില്‍ കളിച്ചിട്ടില്ല. ബൗണ്‍സ് കൂടുതലുള്ള പിച്ചുകള്‍ പരിചിതമാകുന്നതിന് വേണ്ടിയാണ് നേരത്തെ പോകുന്നത്. കുറച്ച് പരിശീലന മത്സരങ്ങള്‍ ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പുറമെ ഐസിസിയുടെ പരിശീലന മത്സരങ്ങളുമുണ്ട്,” രോഹിത് പറഞ്ഞു.
ഇന്ത്യയുടെ ബോളിങ് നിരയുടെ കാര്യത്തില്‍ വലിയ ആശങ്കയാണ് നിലവിലുള്ളത്. ഡെത്ത് ഓവറുകളെറിയാന്‍ പ്രത്യേക താരങ്ങളാരുമില്ല. ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ റണ്‍സ് വിട്ടു നല്‍കുന്നതില്‍ മടി കാണിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി 20 യില്‍ ദീപക് ചഹറിന്റെ പ്രകടനവും പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.