ന്യൂഡല്‍ഹി: കാറപകടത്തിന് ശേഷം ചെയ്ത ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്. ട്വിറ്ററിലൂടെയാണ് പന്ത് ഇക്കാര്യം അറിയിച്ചത്.
“പിന്തുണക്കും ആശംസകൾക്കും ഞാൻ നന്ദി അറിയിക്കുന്നു. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു. അത് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മുന്നിലുള്ള വെല്ലുവിളികളെ നേരിടാന്‍ ഞാന്‍ തയാറാണ്. എല്ലാ സഹായങ്ങളും നല്കിയ ബിസിസിഐ, ജയ് ഷാ, സര്‍ക്കാര്‍ അധികാരികള്‍ എന്നിവര്‍ക്ക് നന്ദി,” പന്ത് കുറിച്ചു.
നല്ല വാക്കുകള്‍ക്കും സ്നേഹത്തിനും കരുതലിനും എന്റെ ആരാധകരോടും സഹതാരങ്ങളോടും ഡോക്ടര്‍മാരോടും നന്ദി. എല്ലാവരേയും കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു,” പന്ത് കൂട്ടിച്ചേര്‍ത്തു.
ലിഗമെന്റിന് പരുക്കേറ്റതിന് പിന്നാലെ തുടർ ചികിത്സയ്ക്കായി പന്തിനെ ഡെറാഡൂണിൽ നിന്ന് ഈ മാസം ആദ്യമാണ് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ശാരീരിക ക്ഷമത വീണ്ടെടുക്കാൻ കുറഞ്ഞത് ആറ് മാസമെങ്കിലും സമയമെടുക്കുമെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ലിഗമെന്റിന് സംഭവിച്ചതിന് സമാനമാണ് പന്തിന്റെ പരുക്കെന്ന് ബിസിസിഐ ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിച്ചു.
“എല്ലാ താരങ്ങളുടേയും ശരീരം വ്യത്യസ്തമാണ്. എന്നാല്‍ പന്തിന്റെ റിപ്പോര്‍ട്ട് നോക്കുമ്പോള്‍, ജഡേജയുടെ ലിഗമെന്റിനേറ്റ പരിക്കിന് സമാനമാണ്. ഡെറാഡൂണില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം പന്തിന് ശസ്ത്രിക്രിയ അടിയന്തരമായി ആവശ്യമായിരുന്നു. ആരോഗ്യം വീണ്ടെടുക്കാന്‍ നാല് മാസത്തില്‍ കൂടുതല്‍ ആവശ്യമായേക്കാം,” ഔദ്യഗിക വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഡിസംബര്‍ 30-നായിരുന്നു റൂര്‍ക്കിയിലെ വസതിയിലേക്കുള്ള യാത്രാമധ്യെ പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറിലിടിച്ച് മറിഞ്ഞ കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. പന്തിന്റെ ചികിത്സാചിലവ് വഹിക്കുന്നത് ബിസിസിഐയാണ്.