മെല്‍ബണ്‍: സന്നാഹ മത്സരങ്ങളിലും പോലും നൂറ് ശതമാനം കൊടുക്കുന്ന താരമാണ് വിരാട് കോഹ്ലി. അത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ കോഹ്ലി അമ്പരപ്പിച്ചത്. മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു സംഭവം.
ഇന്ത്യ ഉയര്‍ത്തിയ 187 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം അനായാസം മറികടക്കാനൊരുങ്ങുകയായിരുന്നു ഓസ്ട്രേലിയ. അവസാന ഓവറില്‍ ജയിക്കാനാവശ്യമായിരുന്നത് 11 റണ്‍സ്. നാല് വിക്കറ്റും കങ്കാരുപ്പടയുടെ കൈവശമുണ്ടായിരുന്നു. നിര്‍ണായക ഓവര്‍ എറിയാന്‍ നായകന്‍ രോഹിത് ഏല്‍പ്പിച്ചത് കോവിഡില്‍ നിന്ന് മുക്തി നേടി തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ.
പാറ്റ് കമ്മിന്‍സായിരുന്നു സ്ട്രൈക്കില്‍. ആദ്യ രണ്ട് പന്തില്‍ നിന്ന് നാല് റണ്‍സ് കമ്മിന്‍സ് നേടി. ഷമിയുടെ മൂന്നാം പന്ത് ലൊ ഫുള്‍ ടോസായിരുന്നു. ലോങ് ഓണിന് മുകളിലൂടെ സിക്സ് പായിക്കാനുള്ള കമ്മിന്‍സിന്റെ ശ്രമം. പന്ത് ബൗണ്ടറി കടന്നെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ വിരാട് കോഹ്ലി എല്ലാവരുടേയും നിഗമനങ്ങള്‍ തെറ്റിച്ചു.
കമ്മിന്‍സിനെ പറഞ്ഞയച്ച ഷമി, പിന്നീട് അവശേഷിച്ച മൂന്ന് പന്തുകളിലും വിക്കറ്റ് നേടി. ആഷ്ടണ്‍ അഗറിനെ റണ്ണൗട്ടാക്കിയപ്പോള്‍, ജോഷ് ഇങ്ക്ലിസിനേയും കെയിന്‍ റിച്ചാര്‍ഡ്സണിനേയും ബൗള്‍ഡാക്കി. ഇന്ത്യക്ക് ആറ് റണ്‍സിന്റെ വിജയം ഷമി സമ്മാനിച്ചു. മത്സരത്തില്‍ ഷമി എറിഞ്ഞ ഏക ഓവറായിരുന്നു ഇത്. 54 പന്തില്‍ 76 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ പോരാട്ടം വിഫലവുമായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി തിളങ്ങിയത് കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദാവുമായിരുന്നു. ഇരുവരുടേയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 57 റണ്‍സാണ് രാഹുല്‍ നേടിയത്. സൂര്യകുമാറാകട്ടെ 50 റണ്‍സെടുത്തും പുറത്തായി.