കരിയറില്‍ ഒരുപാട് തവണ ഉയര്‍ച്ച താഴ്ചകളുണ്ടായ താരമാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ദേശിയ ടീമില്‍ നിന്ന് തഴയപ്പെട്ട പാണ്ഡ്യ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് വീണ്ടും നീലക്കുപ്പായത്തിലെത്തിയത്. പക്വതയുള്ള ക്രിക്കറ്റര്‍ എന്ന നിലയിലേക്കുള്ള തന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാര്‍ദിക്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി 20 യിലെ ഇന്ത്യയുടെ വിജയശില്‍പിയായ ദിനേശ് കാര്‍ത്തിക്കുമായുള്ള സംഭാഷണത്തിലാണ് ഹാര്‍ദിക്കിന്റെ തുറന്നു പറച്ചില്‍.
“എന്റെ തുടക്ക കാലഘട്ടത്തില്‍ ഞാന്‍ മഹി ഭായിയോട് (മഹേന്ദ്ര സിങ് ധോണി) ഒരു ചോദ്യം ചോദിച്ചു. എങ്ങനെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാമെന്ന്. എനിക്ക് വളരെ ലളിതമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ‘നിങ്ങളുടെ സ്കോറിനെ കുറിച്ച് ഓര്‍ക്കാതിരിക്കുക, ടീമിന് എന്താണ് ആവശ്യമെന്ന് ചിന്തിക്കുക’. അത് അന്ന് തന്നെ എന്റെ മനസില്‍ പതിഞ്ഞിരുന്നു. ഇന്നത്തെ ഞാനാകാന്‍ ആ ഉപദേശം സഹായിച്ചു,” ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ ഹാര്‍ദിക് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി 20 യില്‍ ഹാര്‍ദിക്-കാര്‍ത്തിക് കൂട്ടുകെട്ടാണ് നിര്‍ണായകമായിരുന്നത്. ഇരുവരും ചേര്‍ന്ന് 65 റണ്‍സാണ് ചേര്‍ത്തത്. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിക്കാന്‍ ഇരുവരുടേയും സംഭാവനകള്‍ക്കായി. 31 പന്തില്‍ 46 റണ്‍സാണ് ഹാര്‍ദിക് നേടിയത്. 169 റണ്‍സായിരുന്നു നിശ്ചിത ഓവറില്‍ ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 87 റണ്‍സിന് പുറത്താവുകയും ചെയ്തു.
“ഒന്നിനും മാറ്റമുണ്ടായിട്ടില്ല. എന്റെ നെഞ്ചിലുള്ള അടയാളത്തിന് വേണ്ടിയും സാഹചര്യവുമനുസരിച്ചാണ് ഞാന്‍ കളിക്കുന്നത്. എനിക്ക് കൂടുതല്‍ മികച്ചതാകേണ്ടതുണ്ട്. നിരന്തരം മികച്ച പ്രകടനം പുറത്തെടുക്കണം. ഞാന്‍ ഗുജറാത്തിനായി ചെയ്തതുപോലെ,” ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി നാലാമതായാണ് ഹാര്‍ദിക് ബാറ്റു ചെയ്യാന്‍ ഇറങ്ങിയത്. ആക്രമണ ബാറ്റിങ്ങിന് പേരു കേട്ട ഹാര്‍ദിക് വളരെ പക്വതയോടെ സാഹചര്യത്തിന് അനുസരിച്ചായിരുന്നു ബാറ്റ് വീശിയത്.
Also Read: IND vs SA: തല ഉയര്‍ത്തി ദ്രാവിഡിന്റെ യുവനിര; തിരിച്ചു വരവിന്റെ പിന്നിലെ കാരണങ്ങള്‍