സാമ്പത്തിക പ്രതിസന്ധി മൂലം ഭക്ഷണം, മരുന്ന്, പാചകവാതകം, ഇന്ധനം മുതല്‍ തീപ്പെട്ടിയ്ക്ക് വരെ ശ്രീലങ്കയില്‍ ക്ഷാമം നേരിടുകയാണ്. ഓരോ ദിവസവും ഇന്ധനത്തിനും പാചകവാതകത്തിനുമായി മണിക്കൂറുകളോളമാണ് ജനങ്ങള്‍ ക്യൂവില്‍ തുടരുന്നത്. മാസങ്ങളോളമായി ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ഇപ്രകാരമാണ്.
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം റോഷൻ മഹാനാമ ശ്രീലങ്കയിലെ വാർഡ് പ്ലേസിനും വിജേരാമ മാവതയ്ക്കും സമീപത്തുള്ള പെട്രോൾ പമ്പില്‍ ക്യൂവിൽ നിൽക്കുന്നവർക്ക് ചായയും ബണ്ണും വിതരണം ചെയ്യുന്ന ചിത്രങ്ങൾ ഇന്നലെ പങ്കുവച്ചിരുന്നു.
“വാർഡ് പ്ലേസിനും വിജേരാമ മാവതയ്ക്കും ചുറ്റുമുള്ള പെട്രോൾ ക്യൂവിലുള്ള ആളുകൾക്കായി ഞങ്ങൾ ഇന്ന് വൈകുന്നേരം കമ്മ്യൂണിറ്റി മീൽ ഷെയറിലെ ടീമിനൊപ്പം ചായയും ബണ്ണും വിതരണം ചെയ്തും. ക്യൂകളുടെ എണ്ണം ദിവസം ചെല്ലുന്തോറും നീളുകയാണ്. ക്യൂവിൽ നിൽക്കുന്ന ആളുകൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്,” മഹാനാമ ട്വിറ്ററിൽ കുറിച്ചു.
“ക്യൂവില്‍ കൂടെ നില്‍ക്കുന്നവരേയും എല്ലാവരും ശ്രദ്ധിക്കുക. ആവശ്യമുള്ള ഭക്ഷണവും വെള്ളവും കരുതുക. നിങ്ങള്‍ക്ക് ശാരീരിക അസ്വസ്ഥത തോന്നുകയാണെങ്കില്‍ ഏറ്റവും അടുത്തുള്ളയാളുമായി ബന്ധപ്പെടുക, അല്ലെങ്കില്‍ 1990 എന്ന നമ്പരില്‍ വിളിക്കുക. ഈ ദുഷ്കരമായ സമയത്തില്‍ പരസ്പരം നമുക്ക് താങ്ങാവാം,” മഹാനാമ കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. തെരുവുകളില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ നിലയ്ക്കാതെ തുടരുകയാണ്.