2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ഒക്ടോബറില്‍ ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കെ ഇരുവരുടേയും ഫോം ആശങ്കയായി മാറിയിരിക്കുകയാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇരുവരുടേയും പ്രകടനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കോഹ്ലി സീസണില്‍ ഇതുവരെ 13 മത്സരങ്ങളില്‍ നിന്ന് നേടിയത് 236 റണ്‍സാണ്. ശരാശരി 19.67 ഉം പ്രഹരശേഷി 113.46 ഉം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ കോഹ്ലിയുടെ മോശം പ്രകടനമാണിത്. മൂന്ന് കളികളില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു.
രോഹിതിന്റെ അവസ്ഥയും സമാനമാണ്. 12 കളികളില്‍ നിന്ന് 218 റണ്‍സാണ് സമ്പാദ്യം. ശരാശരി 19 ല്‍ താഴയും പ്രഹരശേഷി 125.29 ലും എത്തി നില്‍ക്കുന്നു. ഒരു കളിയില്‍ പൂജ്യത്തിനും അഞ്ച് കളികളില്‍ ഒറ്റ അക്കത്തിലും രോഹിത് മടങ്ങി. സീസണില്‍ ഒരു അര്‍ധ സെഞ്ചുറി പോലും മുംബൈ ഇന്ത്യന്‍സ് നായകന്റെ പേരില്‍ ഇല്ല.
“രോഹിതിന്റേയും കോഹ്ലിയുടേയും ഫോമില്‍ എനിക്ക് ആശങ്കയില്ല. അവര്‍ മികച്ച താരങ്ങളാണ്. ലോകകപ്പിന് ഇനിയും സമയമുണ്ട്. അതിന് ഏറെ മുന്‍പ് തന്നെ ഇരുവരും ഫോം വീണ്ടെടുക്കുമെന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്,” ഗാംഗുലി മിഡ് ഡെയോട് പറഞ്ഞു.
Also Read: തോമസ് കപ്പിൽ ചരിത്രജയം; കന്നിക്കിരീടം സ്വന്തമാക്കി ഇന്ത്യ