ബോളിവുഡ് നടി സൊനാലി ബേന്ദ്രയെയും മുൻ പാക് ബോളർ ഷൊയ്ബ് അക്തറിനെയും ബന്ധപ്പെടുത്തി നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അക്തറിന് ബേന്ദ്രയോട് പ്രണയമായിരുന്നുവെന്നും അവരെ തട്ടിക്കൊണ്ടുപോകാൻ പോലും തയ്യാറായിരുന്നുവെന്നും, മുറിയിൽ ബേന്ദ്രയുടെ ഫോട്ടോ ഉണ്ടായിരുന്നുവെന്നുളള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ബേന്ദ്രയെ പ്രൊപ്പോസ് ചെയ്യാനായി അക്തർ എന്തും ചെയ്യാൻ തയ്യാറായിരുന്നുവെന്നും, അവർ നിഷേധിച്ചാൽ തട്ടിക്കൊണ്ടുപോകാൻ പോലും തയ്യാറായിരുന്നുവെന്നും ഒരു ടോക് ഷോയിൽ താരം പറഞ്ഞതായി വാർത്തകൾ വന്നു. എന്നാൽ ഇവയെല്ലാം നിഷേധിച്ചിരിക്കുകയാണ് അക്തർ.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബേന്ദ്രയുമായി തന്റെ പേര് ബന്ധപ്പെടുത്തിയുളള അഭ്യൂഹങ്ങളെല്ലാം അക്തർ തളളിയത്. താൻ ഒരിക്കൽ പോലും ബേന്ദ്രയെ നേരിൽ കണ്ടിട്ടില്ലെന്നും അവരുടെ ആരാധകനല്ല താനെന്നും അക്തർ പറഞ്ഞു. ബേന്ദ്രയുടെ ഏതാനും സിനിമകൾ കണ്ടിട്ടുണ്ടെന്നും, അവർ വളരെ സുന്ദരിയാണെന്നും പറഞ്ഞ അക്തർ, കാൻസറിനെ ധീരമായി തോൽപ്പിച്ച് മടങ്ങി വന്നപ്പോൾ അവരുടെ ആരാധകനായി താൻ മാറിയെന്നും അക്തർ പറഞ്ഞു.
Read Also: ഞാനെന്നെ കരയാൻ അനുവദിച്ചു: സൊനാലി ബിന്ദ്രെ
”എന്റെ ജീവിതത്തിൽ ഒരിക്കൽപോലും ബേന്ദ്രയെ ഞാൻ നേരിൽ കണ്ടിട്ടില്ല. ഞാനൊരിക്കലും അവരുടെ ആരാധകനല്ല. ഒന്നു രണ്ടു തവണ അവരുടെ സിനിമകൾ കണ്ടിട്ടുണ്ട്. അവർ വളരെ സുന്ദരിയാണ്. അവർക്ക് അസുഖം ബാധിച്ചപ്പോൾ അവരുടെ ധൈര്യം ഞാൻ കണ്ടു. ധൈര്യശാലിയായ സ്ത്രീയ പോലെ അവർ അസുഖത്തെ തോൽപ്പിച്ച് തിരികെ വന്നു. അപ്പോഴാണ് ഞാൻ അവരുടെ ആരാധകനായത്,” ഷൊയ്ബ് അക്തർ യൂട്യൂക് ചാനലിൽ പറഞ്ഞു.
”ഒരു സ്ത്രീക്ക് ഇത്രയും ധൈര്യശാലിയാകാൻ കഴിയുമെന്ന് ചിന്തിച്ചപ്പോൾ എനിക്ക് സന്തോഷം തോന്നി. അവർ മറ്റുളള സ്ത്രീകൾക്ക് മാതൃകയാണ്. ഞാനൊരിക്കലും അവർക്കൊപ്പം പ്രവർത്തിച്ചിട്ടില്ല. എന്റെ മുറിയിൽ അവരുടെ പോസ്റ്റർ ഉണ്ടായിരുന്നുവെന്ന വാർത്തകൾ തെറ്റാണ്. എന്റെ മുറിയിൽ ഒരേയൊരാളുടെ പോസ്റ്റർ മാത്രമേയുളളൂ, അത് ഇമ്രാൻ ഖാന്റെയാണ്. എനിക്ക് മാതൃകാപുരുഷനായ ഒരേയൊരു ക്രിക്കറ്റ് താരം,” അക്തർ പറഞ്ഞു. ക്രിക്കറ്റിൽനിന്നും വിരമിച്ചശേഷം സോഷ്യൽ മീഡിയയിൽ സജീവനാണ് അക്തർ. യൂട്യൂബിൽ സ്വന്തമായൊരു ചാനലുണ്ട് അക്തറിന്.
താൻ അർബുദ ബാധിതയാണെന്ന വിവരം സൊനാലി തന്നെയാണ് ലോകത്തെ അറിയിച്ചത്. ‘ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോഴായിരിക്കും ജീവിതം ചിലപ്പോള്‍ നിങ്ങളെ എടുത്തെറിയുന്നത്. എനിക്ക് വളരെ ഗുരുതരമായ അര്‍ബുദം പിടിപെട്ടിരിക്കുകയാണ്. അത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്. വളരെ നിസ്സാരമായ ചില വേദനകളെ തുടര്‍ന്ന് നടത്തിയ ടെസ്റ്റുകളില്‍ നിന്നാണ് രോഗം കണ്ടെത്തിയത്. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും എനിക്ക് ചുറ്റുമുണ്ട്. ഒരു മനുഷ്യന്‍ ആഗ്രഹിക്കുന്ന എല്ലാ പിന്തുണയും അവര്‍ എനിക്ക് തരുന്നുണ്ട്. അതിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു,’ സൊനാലി ട്വിറ്ററില്‍ പങ്കുവച്ച പ്രസ്‌താവനയിലൂടെ പറഞ്ഞു.