ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ നാടകീയ നീക്കങ്ങള്‍. മധ്യനിര ബാറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്മെയറിനെ ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കി. ഓസ്ട്രേലിയയിലേക്കുള്ള റിഷെഡ്യൂള്‍ ചെയ്ത വിമാനം നഷ്ടമായതോടെയാണ് താരത്തിനെതിരായ നടപടി.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് താരം ക്രിക്കറ്റ് ബോര്‍ഡിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് വിമാനം റിഷെഡ്യൂള്‍ ചെയ്ത് നല്‍കിയത്.
വിമാന ലഭ്യത ഒരു വെല്ലുവിളിയാണ്, എങ്കിലും ഗുയാനയില്‍ നിന്നുള്ള വിമാനത്തില്‍ ഹെറ്റ്മെയറിനായി സീറ്റ് കണ്ടെത്തി. നാളെ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരം താരത്തിന് നഷ്ടമാകും, ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ന് രാവിലെ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറിനെ സമയത്ത് എയര്‍പോര്‍ട്ടില്‍ എത്താന്‍ സാധിക്കില്ലെന്ന കാര്യം ഹെറ്റ്മെയര്‍ അറിയിച്ചു.
താരത്തിന് പകരം ഷമാ ബ്രൂക്സിനെ ടീമിലെടുത്തു. ഓസ്ട്രേലിയിലുള്ള ടീമിനൊപ്പം ബ്രൂക്സ് ഉടന്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം.
“ഹെറ്റ്മെയറിന്റെ യാത്ര ശനിയാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ അത് തിങ്കളാഴ്ചത്തേക്ക് മാറ്റി നല്കി. യാത്രയില്‍ കാലതാമസം ഉണ്ടായാല്‍ ടീമില്‍ നിന്നും ഒഴിവാക്കുമെന്ന കാര്യം നേരത്തെ തെന്ന ഹെറ്റ്മെയറിനോട് വ്യക്തമാക്കിയിരുന്നു,” വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ജിമ്മി ആദംസ്.
കരിബിയന്‍ പ്രീമിയര്‍ ലീഗില്‍ ഉജ്ജ്വല പ്രകടനമാണ് ബ്രൂക്സ് പുറത്തെടുത്തത്. ജമൈക്ക തല്ലവാസിന് വേണ്ടി 241 റണ്‍സ് നേടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ താരം സെഞ്ചുറി നേടിയിരുന്നു. ട്വന്റി 20 ലോകകപ്പില്‍ സ്കോട്ട്ലന്‍ഡിനെതിരെയാണ് വിന്‍ഡീസിന്റെ ആദ്യ മത്സരം.