കളത്തിലെ കലിപ്പിന് പേര് കേട്ട കളിക്കാരനാണ് ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. സാധരണ അമ്പയര്‍മാരും സഹതാരങ്ങളുമാണ് ഷാക്കിബിന്റെ ഇരയാവാറ്, അല്ലെങ്കില്‍ സ്റ്റമ്പ്. എന്നാല്‍ ഇത്തവണ താരത്തിന് മുന്നില്‍ അകപ്പെട്ടത് ഒരു ആരാധകനാണ്.
ഒരു പ്രൊമോഷണല്‍ പരിപാടിക്കെത്തിയ ഷാക്കിബിനെ ആരാധക്കൂട്ടം വളയുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പോലും തടയാന്‍ കഴിയാത്തതിലധികം ആളുകള്‍ ചുറ്റും കൂടി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഷാക്കിബ് ഒരാളെ തൊപ്പികൊണ്ട് ഒന്നിലധികം തവണ അടിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്.
മറ്റൊരു വീഡിയോയില്‍ ഷാക്കിബിന് ചുറ്റും കൂടിയവര്‍ അദ്ദേഹത്തിന്റെ തൊപ്പിയില്‍ പിടിച്ച് വലിക്കുന്നതും ടീ ഷര്‍ട്ടില്‍ പിടിക്കുന്നതും ഉന്തുന്നതും തള്ളുന്നതുമെല്ലാം കാണാം. നിലത്ത് വീഴാന്‍ പോയ ഷാക്കിബ് ഒരു തരത്തിലാണ് ആള്‍ക്കൂട്ടത്തെ മറികടന്ന് പുറത്തെത്തിയത്.
ധാക്ക ടി20 പ്രീമിയര്‍ ലീഗില്‍ ഷാക്കിബ് സ്റ്റമ്പ് അടിച്ച് തകര്‍ത്തിരുന്നു. അമ്പയറുടെ തീരുമാനത്തിനെതിരെയായിരുന്നു താരത്തിന്റെ ദേഷ്യം. ഇത്തവണയും അത് ആവര്‍ത്തിച്ചു, അമ്പയറോട് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ഷാക്കിബിന്റെ വീഡിയോ വൈറലായിരുന്നു.
ഷാക്കിബിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെ ട്വന്റി 20-യില്‍ വെള്ളപൂശാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു. ഇത് ആദ്യമായാണ് ബംഗ്ലാദേശ് ഒരു ശക്തമായ ടീമിനെതിരെ പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടുന്നത്.