ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷിക്കണമെന്ന ഗംഭീറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് അഫ്രീദി രംഗത്തെത്തിയത്. ഗംഭീര്‍ വിഡ്ഢിയാണെന്നും ഇന്ത്യന്‍ ജനത വിവരമില്ലാത്തയാളെയാണ് തിരഞ്ഞെടുത്തതെന്നും അഫ്രീദി പറഞ്ഞു.
”ഗൗതം ഗംഭീര്‍ പറഞ്ഞത് വിവേകമുള്ള കാര്യമാണെന്ന് തോന്നുന്നുണ്ടോ? ബോധമുള്ള ആരെങ്കിലും ഇതുപോലെയുളള വര്‍ത്തമാനം പറയുമെന്ന് തോന്നുന്നുണ്ടോ? വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ?” എന്നായിരുന്നു ഗംഭീറിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് അഫ്രീദി നല്‍കിയ മറുപടി. ഡല്‍ഹി ഈസ്റ്റില്‍ നിന്നുമാണ് ഗംഭീര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Shahid Afridi responds to Gautam Gambhir's suggestion that India should forfeit any World Cup matches versus Pakistan "Does this look like something which a sensible person would say? Do educated people talk like this?" #CWC19 pic.twitter.com/wYgtoOMI5k
— Saj Sadiq (@Saj_PakPassion) May 24, 2019
ഫെബ്രുവരിയില്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നായിരുന്നു ലോകകപ്പിൽ പാക്കിസ്ഥാനുമായുളള മത്സരത്തില്‍ നിന്നും ഇന്ത്യ പിന്മാറണം എന്ന ആവശ്യം ഉയര്‍ന്നത്. ഇന്ത്യ മത്സരത്തില്‍ നിന്നും പിന്മാറണമെന്ന് നിരവധി കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നെങ്കിലും ഇന്ത്യ പിന്‍മാറിയില്ല. ജൂണ്‍ 16 നാണ് ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്.
നേരത്തെയും ഗംഭീറിനെതിരെ അഫ്രീദി തുറന്നടിച്ചിരുന്നു. തന്റെ ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചറി’ലായിരുന്നു ഗംഭീറിനെ അഫ്രീദി കടന്നാക്രമിച്ചത്. ഗംഭീറിന് ആറ്റിറ്റ്യൂഡ് പ്രോബ്ലമുണ്ടെന്നായിരുന്നു അഫ്രീദി പുസ്തകത്തില്‍ എഴുതിയത്. ഗംഭീറിന് വ്യക്തിത്വമില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു.
പിന്നാലെ ഇതിനെതിരെ ഗംഭീര്‍ തിരിച്ചടിച്ചു. അഫ്രീദിയെ മനശാസ്ത്ര വിദഗ്ധന്റെ പക്കല്‍ കൊണ്ടു പോകണമെന്നും താന്‍ നേരിട്ട് കൊണ്ടുപോകാമെന്നുമായിരുന്നു ഗംഭീറിന്റെ മറുപടി.