ആഭ്യന്തര താരങ്ങള്‍ക്കും യുവാക്കള്‍ക്കും അന്താരാഷ്ട്ര കളിക്കാരുമായി ഏറ്റുമുട്ടാനുള്ള ഒരു വേദി മാത്രമല്ല ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. രണ്ട് മാസത്തെ ടൂര്‍ണമെന്റുകൊണ്ട് സൗഹൃദത്തിന്റെ മറ്റൊരു തലത്തിലേക്ക് താരങ്ങളെ എത്തിക്കാനും ഐപിഎല്ലിന് സാധിക്കുന്നു. നിരവധി വിദേശ താരങ്ങള്‍ക്കാണ് ഇപ്പോള്‍ ഇന്ത്യയിലെ കളിക്കാരുമായി അടുപ്പമുള്ളത്. പലരും ഇന്ത്യയിലെത്തുമ്പോള്‍ താരങ്ങളുടെ വീടുകളില്‍ വരെ സന്ദര്‍ശനം നടത്താറുണ്ട്, തിരിച്ചു.
ന്യൂസിലന്‍ഡിന്റെ ഇതിഹാസ താരം റോസ് ടെയ്ലര് ഒരിക്കലും 2012 ഐപിഎല്‍ സീസണ് മറക്കാന്‍ സാധ്യതയില്ല. 1.3 മില്യണ്‍ യു എസ് ഡോളറിനായിരുന്നു താരത്തെ ഡല്‍ഹി അന്ന് സ്വന്തമാക്കിയത്. അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥയില്‍ (റോസ് ടെയ്ലര്: ബ്ലാക്ക് ആൻഡ് വൈറ്റ്) വിരേന്ദര്‍ സേവാഗ് നല്കിയ ഒരു ഉപദേശത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിട്ടുണ്ട്.
അന്ന് ഒരു മത്സരത്തിന് ശേഷം ഡല്‍ഹി താരങ്ങളെല്ലാം സേവാഗിന്റെ റെസ്റ്റൊറന്റില്‍ കൂടി. അന്നായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്ന് നടന്നത്. സെര്‍ജിയോ അഗ്യൂറൊ അധിക സമയത്ത് നേടിയ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് സ്വന്തമാക്കിയ ദിവസം. എല്ലാ താരങ്ങള്‍ കളികണ്ടപ്പോള്‍, റോസ് ടെയ്ലര് കൊഞ്ച് കഴിക്കുകയായിരുന്നു.
റോസ് ടെയ്ലര് ആത്മകഥയില്‍ പറയുന്നതിങ്ങനെ:
അടുത്ത ദിവസം ഞങ്ങള്‍ക്ക് കളിയുണ്ടായിരുന്നു. സേവാഗ് വളരെ അനായാസമായി ബാറ്റ് ചെയ്യുകയായിരുന്നു. ഞാന്‍ ഉള്‍പ്പടെയുള്ള വിദേശ താരങ്ങള്‍ ബുദ്ധിമുട്ടുകയായിരുന്നു. വന്‍ തുകയ്ക്ക് ടീമിലെത്തിയതുകൊണ്ട് തന്നെ എനിക്ക് സമ്മര്‍ദ്ദം അധികമായിരുന്നു. അത് ഞാന്‍ ബാറ്റ് ചെയ്യാന്‍ ചെന്നപ്പോഴും ഉണ്ടായിരുന്നു. പക്ഷെ സേവാഗ് വളരെ റിലാക്സ് ചെയ്തു ബാറ്റ് ചെയ്യുകയായിരുന്നു. അദ്ദേഹം എനിക്കൊരു ഗ്ലൗ പഞ്ച് തന്നിട്ട് പറഞ്ഞു. ‘റോസ്, കൊഞ്ച് കഴിക്കുന്ന ലാഘവത്തില്‍ ബാറ്റ് ചെയ്താല്‍ മതി’. ക്രിക്കറ്റ് ഒരു ഹോബിയായി കണ്ട് വിനോദത്തിന് വേണ്ടി കളിക്കുന്ന ഒരാളെയാണ് ഞാന്‍ അപ്പോള്‍ കണ്ടത്. അതില്‍പ്പിന്നെ സേവാഗിനെ എവിടെ വച്ച് കണ്ടാലും ഞാന്‍ കൊഞ്ചിന്റെ കാര്യം ഒര്‍ക്കും.
ടെയ്ലര് വെളിപ്പെടുത്തി