ഇന്‍ഡോര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മറക്കാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ മത്രമല്ല, അമ്പയര്‍ നിതിന്‍ മേനോനുമുണ്ട് പട്ടികയില്‍. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വന്ന വീഴ്ചകള്‍ സംഭവിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ നിതിന്‍ മേനോനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുമുണ്ട്.
കളിയുടെ ആദ്യ ഓവറില്‍ രണ്ട് തവണയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നിതിന്‍ മേനോന്റെ തെറ്റായ തീരുമാനങ്ങള്‍ക്കൊണ്ട് അതിജീവിച്ചത്. ഓസ്ട്രേലിയ റിവ്യു എടുക്കാത്തതും രോഹിതിന് തുണയായി. രവീന്ദ്ര ജഡേജയുടെ ബാറ്റില്‍ പന്ത് കൊണ്ടിട്ടും നിതിന്‍ മേനോന്‍ എല്‍ബിഡബ്ല്യു വിധിച്ചതും ആരാധകര്‍ക്ക് ആശ്ചര്യമായി.
മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ എല്‍ബിഡബ്ല്യു മാത്രമാണ് കൃത്യമായി വിധിക്കാന്‍ നിതിന്‍ മേനോന് സാധിച്ചത്. കോഹ്ലി 22-ല്‍ നില്‍ക്കെയാണ് ടോഡ് മര്‍ഫിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. രോഹിതിനെ രക്ഷിച്ച നിതിന്‍ മേനോന്‍ കോഹ്ലിയെ തഴഞ്ഞെന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം.
മത്സരത്തിലാകെ അഞ്ച് പിഴവുകളാണ് നിതിന്‍ മേനോന് സംഭവിച്ചത്. കെ എസ് ഭരത്, രവി അശ്വിന്‍ എന്നിവരെ നോട്ട് ഔട്ട് വിളിക്കുകയും ചെയ്തു നിതിന്‍. ഭരത് ലയണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. റിവ്യൂവിലൂടെയാണ് ഓസ്ട്രേലിയ വിക്കറ്റ് നേടിയെടുത്തത്.
മാത്യു കുഹ്നെമാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് അശ്വിന്‍ മടങ്ങിയത്. ക്യാരി സ്റ്റമ്പിങ്ങിന് അപ്പീല്‍ ചെയ്തത് തേഡ് അമ്പയര്‍ പരിശോധിക്കവെയാണ് ബാറ്റില്‍ പന്തുരസിയത് വ്യക്തമായതും അശ്വിന് പുറത്തായതും.