മുംബൈ: കഴിഞ്ഞ കുറച്ച് സീസണുകളായി രാജസ്ഥാന് റോയല്‍സിന്റെ ബാറ്റിങ് നിരയുടെ നെടും തൂണാണ് സഞ്ജു സാംസണ്. നായകസ്ഥാനം ലഭിച്ചതോടെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബാറ്റ് വീശുന്ന സഞ്ജുവിനെയാണ് കളത്തില്‍ കാണുന്നത്. അത് കണക്കുകളിലും പ്രതിഫലിക്കുന്നു എന്നത് പ്രതീക്ഷ നല്കുന്ന ഒന്നാണ്.
പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. കേവലം 27 പന്തില്‍ സഞ്ജു അടിച്ചു കൂട്ടിയത് 55 റണ്‍സായിരുന്നു. മൂന്ന് ഫോറുകളും അഞ്ച് സിക്സും ഉള്‍പ്പെട്ടും വലം കൈയ്യന്‍ ബാറ്ററുടെ ഇന്നിങ്സില്‍.
സഞ്ജുവിന് പുറമെ ദേവദത്ത് പടിക്കല്‍, ഷിമ്രോണ്‍ ഹെയ്റ്റ്മെയര്‍ എന്നിവരുടെ മികവില്‍ 210 റണ്‍സായിരുന്നു രാജസ്ഥാന് നേടിയത്. ബാറ്റിങ് മികവിന് പുറമെ ഹൈദരാബാദിനെ ബോളുകൊണ്ട് എറിഞ്ഞൊതുക്കി 61 റണ്‍സിന്റെ ജയവും സ്വന്തമാക്കി. സഞ്ജുവായിരുന്നു കളിയിലെ താരം.
സ്പെഷ്യല്‍ ഇന്നിങ്സിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡും സഞ്ജു നേടി. രാജസ്ഥാന് വേണ്ടി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ഇതുവരെ 110 സിക്സുകളാണ് സഞ്ജു നേടിയത്. ഷെയിന്‍ വാട്സണ്‍ന്റെ (109) റെക്കോര്‍ഡാണ് മറികടന്നത്. നിലവിലുള്ള താരങ്ങളില്‍ ജോസ് ബട്ലറാണ് സഞ്ജുവിന് പിന്നിലുള്ളത് (67).
Also Read: ബ്രൂണോ ഡബിളിൽ ഖത്തർ ടിക്കറ്റ്; റൊണാൾഡോയും കൂട്ടരും ലോകകപ്പിന്