ഓക്ക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയരുകയാണ്. സഞ്ജുവിനേക്കാള്‍ മോശം പ്രകടനം പുറത്തെടുത്തവരെ നിലനിര്‍ത്തിയപ്പോള്‍ എന്തുകൊണ്ടാണ് സഞ്ജുവിനെ പുറത്താക്കിയതെന്ന് ആരാധകര്‍ ചോദിക്കുന്നു.
ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുമ്പോഴെല്ലാം സഞ്ജുവിന്റെ പേര് ചര്‍ച്ചയാവാറുണ്ട്. ടീമിലില്ലെങ്കില്‍ ബിസിസിഐയെ ആരാധകര്‍ വിമര്‍ശിക്കും. ടീമില്‍ ഉണ്ടെങ്കില്‍ അവസരം നല്‍കുമോ എന്ന ചോദ്യമാണ് ടീം മാനേജ്മെന്റിനെതിരെ ഉയരുക. ടീമിലിടവും അവസരവും ലഭിച്ചതിന് ശേഷം മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു പുറത്തിരിക്കുകയാണ്.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദനത്തില്‍ മഴ മൂലം കളി തടസപ്പെട്ട ഘട്ടത്തില്‍ ഗ്രൗന്‍ഡ് സ്റ്റാഫിനെ സഹായിക്കാനെത്തിയ സഞ്ജുവിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ഗ്രൗണ്ട് മൂടാന്‍ ബുദ്ധിമുട്ട് നേരിട്ട സന്ദര്‍ഭത്തിലാണ് സഞ്ജുവിന്റെ ഇടപെടലുണ്ടായത്. എന്ത് ചെയ്യാനും മടികാണിക്കാത്ത എളിമയുടെ പര്യായമാണ് സഞ്ജുവെന്നാണ് ആരാധകര്‍ പറയുന്നത്.
ആദ്യ ഏകദിനത്തില്‍ തുടരെ വിക്കറ്റുകള്‍ വീണ് ഇന്ത്യ തകര്‍ച്ചയിലേക്ക് വീഴുമെന്ന് തോന്നിച്ച സന്ദര്‍ഭത്തിലായിരുന്നു സഞ്ജുവെത്തിയത്. ശ്രേയസ് അയ്യര്‍ക്ക് മികച്ച പിന്തുണ നല്കി ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു താരം. 38 പന്തില്‍ നാല് ബൗണ്ടറികളോടെ 36 റണ്‍സായിരുന്നു സഞ്ജു സ്വന്തമാക്കിയത്.
അതേസമയം, ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 12.5 ഓവറല്‍ 89-1 എന്ന നിലയിലെത്തിയപ്പോഴായിരുന്നു മഴ വീണ്ടും വില്ലനായത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. മൂന്നാം ഏകദിനത്തില്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനായിരിക്കും ഇന്ത്യ ഇറങ്ങുക.