ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കും ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ അകത്തും പുറത്തുമായി തുടരുന്ന മലയാളി താരം സഞ്ജു സാംസണിന് ഒരിക്കല്‍ക്കൂടി കാഴ്ചക്കാരന്റെ റോളില്‍ തുടരേണ്ടി വരും.
ന്യൂസിലന്‍ഡ് പരമ്പരകള്‍ക്കുള്ള രണ്ട് ടീമിലും സഞ്ജു പരിഗണിക്കപ്പെട്ടില്ല. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ പരുക്കേറ്റ സഞ്‍ജുവിന് ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ടീം പ്രഖ്യാപിച്ചപ്പോള്‍ താരത്തിന്റെ പരുക്കിനെക്കുറിച്ചൊ മറ്റ് വിശദാംശങ്ങളൊ നല്‍കാന്‍ ബിസിസിഐ തയാറായില്ല.
ന്യൂസിലന്‍ഡിനെതിരായ പരമ്പരകളില്‍ ഇടം നേടാത്ത മറ്റ് രണ്ട് താരങ്ങള്‍ കെ എല്‍ രാഹുലും അക്സര്‍ പട്ടേലുമാണ്. എന്നാല്‍ ഇരുവരുടേയും കാര്യത്തില്‍ കൃത്യമായ വിശദീകരണമാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ടീം വ്യക്തമാക്കുന്നത് തലമുറമാറ്റത്തിലേക്ക് ബിസിസിഐ കടന്നു എന്നുകൂടിയത്.
ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍മാരായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരെ ഒഴിവാക്കിക്കൊണ്ടാണ് ടീം പ്രഖ്യാപനം. തന്റെ ട്വന്റി 20 കരിയര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് രോഹിത് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക.
വരാനിരിക്കുന്ന ഐപിഎല്ലില്‍ മികവ് പുലര്‍ത്തി ടീമിലേക്ക് തിരികെയെത്തുക എന്ന ലക്ഷ്യമായിരിക്കും രോഹിതിനും വിരാടിനുമുള്ളത്. അതേസമയം, ട്വന്റി 20 ടീമിലേക്ക് പൃഥ്വി ഷായെത്തി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യുവതാരത്തെ തേടി നീലക്കുപ്പായമെത്തിയിരിക്കുന്നത്.
ജനുവരി 18-നാണ് ന്യൂസിലന്‍ഡ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20യുമാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി ഒന്നിന് പരമ്പര അവസാനിക്കും. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഫെബ്രുവരി ഒന്‍പതിന് തുടങ്ങും. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂസിലൻഡിനെതിരായ ഏകദിന ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെഎസ് ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ് , ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്.
ന്യൂസിലൻഡിനെതിരായ ട്വന്റി-20 ടീം: ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്. , യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, ശിവം മവി, പൃഥ്വി ഷാ, മുകേഷ് കുമാർ.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, സൂര്യകുമാർ യാദവ്.