ന്യൂഡല്‍ഹി: ഒരുമിച്ച് കളിച്ച് വളര്‍ന്ന് ദേശിയ ടീം വരെ എത്തി നില്‍ക്കുകകയാണ് കറണ്‍ സഹോദരങ്ങള്‍. എന്നാല്‍ ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ കളിച്ച ഇവരുടെ മാനസികാവസ്ഥ എന്തായിരിക്കും. ടോം കറണെതിരെ പന്തെറിഞ്ഞ അനുഭവത്തേക്കുറിച്ച് പ്രതികരണവുമായി സാം കറണ്‍ എത്തിയിരിക്കുകയാണ്. “ടോമിനെതിരെ പന്തെറിയാനായി ഓടുന്ന സമയത്ത് എനിക്ക് ചിരിനിര്‍ത്താനായില്ല,” ഇതാണ് സാമിന്റെ പ്രതികരണം.
ടോം ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയും സാം ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയുമായിരുന്നു കളിച്ചത്. കഴിഞ്ഞ സീസണില്‍ ടോം രാജസ്ഥാന്‍ റോയല്‍സിനായി മത്സരിച്ചപ്പോഴത്തെ അനുഭവമാണ് സാം പങ്കു വച്ചത്. “ഞങ്ങള്‍ പരസ്പരം ബാറ്റിങ്ങിലും, ബോളിങ്ങിലും, ഫീല്‍ഡിങ്ങിലും മത്സരിച്ചാണ് വളര്‍ന്നു വന്നത്,” ഹെഡ്സ്ട്രോങ്: ആന്‍ ഇന്നിങ്സ് വിത്ത് എന്ന പോഡ്കാസ്റ്റിന് കൊടുത്ത അഭിമുഖത്തിലാണ് യുവതാരത്തിന്റെ തുറന്ന് പറച്ചില്‍.
“ഞാന്‍ ഇത്തവണും ഐപിഎല്ലില്‍ ടോമിനെതിരെ കളിച്ചിരുന്നു. ഇത്രയും വലിയ ഒരു ടൂര്‍ണമെന്റിലാണ് പങ്കെടുക്കുന്നു. പന്തെറിയാനായി ഓടിയെത്തുമ്പോള്‍ എനിക്ക് ചിരി അടക്കാന്‍ സാധിക്കുന്നില്ലായിരുന്നു. കളിയെ ഗൗരവത്തോടെയാണ് സമീപിക്കേണ്ടത്. പക്ഷെ എന്ത് സംഭവിച്ചാലും ചില സമയങ്ങളില്‍ വളരെ രസകരമായിരിക്കും,” സാം കറണ്‍ പറഞ്ഞു.
എന്നാല്‍ തന്റെ ബോളിങ്ങില്‍ സഹോദരന്‍ ടോം റണ്‍സ് നേടിയത് അത്ര സന്തോഷം നല്‍കിയ ഒന്നല്ലായിരുന്നു എന്നും സാം സമ്മതിച്ചു. മത്സര ശേഷം പരസ്പരം സംസാരിക്കുകയും ചെയ്തിരുന്നതായി താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തവണ സാമിന്റെ ബാറ്റിന്റെ ചൂട് ടോം കറണ്‍ ശെരിക്കും അറിഞ്ഞു. 8 പന്തില്‍ 22 റണ്‍സാണ് സാം നേടിയത്. രണ്ട് വീതം സിക്സും ഫോറും അടങ്ങിയതായിരുന്നു 22 റണ്‍സ്.