ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചാണ് സച്ചിൻ നന്ദി അറിയിച്ചത്. കഴിഞ്ഞ ദിവസം മാലിദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ ലോകകപ്പ് താരങ്ങൾ ഒപ്പിട്ട ബാറ്റ് മാലിദ്വീപ് പ്രസിഡന്റിന് സമ്മാനിച്ചിരുന്നു.

പ്രധാനമന്ത്രിയായി രണ്ടാം വട്ടം അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി നടത്തുന്ന ആദ്യ വിദേശ യാത്രയായിരുന്നു മാലിദ്വീപിലേക്കുള്ളത്. മാലിദ്വീപിലെത്തിയ മോദി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹിന് സമ്മാനമായി നല്‍കിയത് ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒപ്പിട്ടു നല്‍കിയ ബാറ്റാണ്. ബാറ്റ് കൈമാറുന്നതിന്റേയും ബാറ്റിന്റേയും ചിത്രം മോദി ട്വീറ്റ് ചെയ്തിരുന്നു. ‘കണക്ടഡ് ബൈ ക്രിക്കറ്റ്’ എന്നാണ് മോദി ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് സച്ചിൻ ടെൻഡുൽക്കർ നന്ദി അറിയിച്ചത്. “ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിന് നന്ദി നരേന്ദ്ര മോദി ജി” എന്ന വാചകത്തോടെയാണ് സച്ചിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് നടക്കുമ്പോൾ തന്നെ ക്രിക്കറ്റിലൂടെ നയതന്ത്രം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നും മാലിദ്വീപിനെ ഉടൻ തന്നെ ക്രിക്കറ്റിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും സച്ചിൻ കൂട്ടിച്ചേർത്തു.

മാലിദ്വീപ് കായിക മന്ത്രി അഹമ്മദ് മഹ്‌ലൂഫ് ബിസിസിഐയുമായി സംസാരിച്ചിരുന്നു. ദ്വീപ് രാഷ്ട്രത്തിൽ ക്രിക്കറ്റ് വളർത്താനുള്ള എല്ലാ ടെക്നിക്കൽ സഹകരണവും ബിസിസിഐ ഉറപ്പ് നൽകിയതായി അഹമ്മദ് മഹ്‌ലൂഫ് അറിയിച്ചു.

മാലിദ്വീപില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കാനും വളര്‍ത്താനും വേണ്ട സഹായം ഇന്ത്യ ചെയ്യുമെന്നും മോദി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ക്രിക്കറ്റ് ഗ്രൗണ്ട്‌ നിർമ്മിച്ചു കൊടുക്കാനും ക്രിക്കറ്റ് താരങ്ങളുടെ ടീം ഉണ്ടാക്കി അവർക്ക് ആവശ്യമായ പരിശീലനം നൽകാനും ഇന്ത്യയുടെ സഹായം മാലിദ്വീപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്നും മോദി അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook