മുംബൈ: ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ലോകകപ്പുകളിലൊന്നാണ് 2003 ലേത്. ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കണ്ട ലോകകപ്പുകളിലൊന്നായിരുന്നു അത്. ഇതിഹാസ താരം സച്ചിനായിരുന്നു ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ആ ലോകകപ്പുമായി ബന്ധപ്പെട്ട രസകരമായൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍.

ലോകകപ്പില്‍ തനിക്ക് ലഭിച്ച മൂന്ന് മാന്‍ ഓഫ് ദ മാച്ച് ട്രോഫികള്‍ നഷ്ടപ്പെട്ട സംഭവമാണ് സച്ചിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാ ടുഡേയുടെ സലാം ക്രിക്കറ്റ് പരിപാടിയിലായിരുന്നു സച്ചിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണ വാച്ചുകളായിരുന്നു 2003 ല്‍ മാന്‍ ഓഫ് ദ മാച്ചിന് നല്‍കിയിരുന്നത്. പുരസ്‌കാരങ്ങള്‍ ഒരു ചൈനീസ് റസ്‌റ്റോറന്റില്‍ വച്ച് മറന്നു പോവുകയായിരുന്നു.

ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സര ശേഷമായിരുന്നു സംഭവം. പാക്കിസ്ഥാനെതിരെ സച്ചിന്റെ 98 റണ്‍സിന്റെ ബലത്തിലായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ വിജയങ്ങളിലൊന്ന്. ഇതിന് പിന്നാലെ വിജയം ആഘോഷിക്കാനായി ഇന്ത്യന്‍ ടീം ഒരു റസ്‌റ്റോറന്റിലെത്തി. എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. ആഘോഷരാവായിരുന്നു അതെന്ന് സച്ചിന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

പുരസ്‌കാരങ്ങള്‍ സച്ചിന്‍ ഏല്‍പ്പിച്ചിരുന്നത് തന്റെ ഒരു സുഹൃത്തിന്റെ പക്കലായിരുന്നു. അദ്ദേഹം നാട്ടിലേക്ക് പോകുമ്പോള്‍ കൊണ്ടു പോകാനായിരുന്നു തീരുമാനം. റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്ത് ഇറങ്ങിയതിന് ശേഷമാണ് പുരസ്‌കാരം എടുത്തില്ലെന്നും റസ്‌റ്റോറന്റില്‍ മറന്നു വച്ചെന്നും തിരിച്ചറിയുന്നത്. അബദ്ധം പറ്റിയെന്ന് സുഹൃത്ത് അറിയിച്ചു

ഇതോടെ സച്ചിന്‍ പരിഭ്രാന്തനായി. ഉടനെ റസ്റ്റോറന്റില്‍ വിളിച്ച് തന്റെ സ്‌പോര്‍ട്‌സ് ഷൂവുള്ള പാഴ്‌സല്‍ മറന്നു വച്ചെന്നായിരുന്നു അവരോട് പറഞ്ഞത്. വിലമതിക്കാനാവാത്തതായിരുന്നു ആ പുരസ്‌കാരങ്ങളെന്ന് സച്ചിന്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook