ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മഹാനായ ബാറ്റ്‌സ്മാനാണ് സച്ചിന്‍ ടെൻഡുല്‍ക്കര്‍. ആ മൂന്നക്ഷരത്തിന് ഇന്നുമാത്രമല്ല എന്നും പകരക്കാരുണ്ടാകില്ല. ക്രിക്കറ്റില്‍ ഇത്രത്തോളം നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു താരമില്ല. സച്ചിന്റെ നേട്ടങ്ങള്‍ക്ക് പ്രചോദനമായത് അദ്ദേഹത്തിന്റെ പിതാവിന്റെ വാക്കുകളാണ്.

കുറുക്കുവഴികള്‍ എടുക്കരുത് വിജയത്തിലേക്ക് എത്താന്‍ എന്നായിരുന്നു സച്ചിന് പിതാവ് നല്‍കിയ ഉപദേശം. ഇതേ ഉപദേശമാണ് സച്ചിന്‍ തന്റെ മകന്‍ അര്‍ജുന്‍ ടെൻഡുല്‍ക്കറിന് നല്‍കുന്നതും. ഇടംങ്കയ്യന്‍ പേസറാണ് അര്‍ജുന്‍. മുംബൈ ടി20 ലീഗില്‍ അര്‍ജുന്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയിരുന്നു.

മുംബൈ ടി20 ലീഗില്‍ ആകാശ് ടൈഗേഴ്‌സ് മുംബൈ വേസ്റ്റേണ്‍ സബര്‍ബ്ബ് ടീമിന്റെ താരമാണ് അര്‍ജുന്‍. അഞ്ച് ലക്ഷം രൂപയാണ് അര്‍ജുന് ലേലത്തില്‍ ലഭിച്ചത്.

”അവന് ക്രിക്കറ്റിനോട് അതിയായ അഭിനിവേശമുണ്ട്. പക്ഷെ ഞാനൊരിക്കലും അവനെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല. ആദ്യം കളിച്ചിരുന്നത് ഫുട്‌ബോളായിരുന്നു. പിന്നെ ചെസ് ആയി. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നു” സച്ചിന്‍ പറയുന്നു.

”ഞാനവനോട് പറഞ്ഞിട്ടുണ്ട്, ജീവിതത്തില്‍ എന്ത് ചെയ്താലും കുറുക്കുവഴി എടുക്കരുത്. എന്റെ അച്ഛന്‍ രമേശ് ടെൻഡുല്‍ക്കര്‍ എന്നോട് പറഞ്ഞതാണ് അത്. നന്നായി അധ്വാനിക്കണം. ബാക്കിയൊക്കെ പിന്നെ” സച്ചിന്‍ പറഞ്ഞു. അതേസമയം, എല്ലാ രക്ഷിതാക്കളേയും പോലെ തനിക്കും മകന്റെ കരിയറിനെ സംബന്ധിച്ച് ആശങ്കകളുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

”അവനും ടീമിനും ആവശ്യമായ പോലെ കളിക്കണം. ഇതൊരു നല്ല അവസരമാണ്. ജയപരാജയങ്ങള്‍ നല്ല അനുഭവങ്ങളാണ്. ഇതില്‍ നിന്നെല്ലാം പാഠങ്ങള്‍ പഠിച്ചു വേണം മുന്നോട്ട് പോകാന്‍” അദ്ദേഹം പറഞ്ഞു. ‘ക്രിക്കറ്റില്‍ എന്നും നമ്മള്‍ വിദ്യാർഥിയാണ്. അതാണ് ഞാന്‍ അവനോട് പറയുന്നത്. ഫലം ദൈവത്തിന്റെ കരങ്ങളിലാണ്. പക്ഷെ അതിനായി അധ്വാനിക്കേണ്ടത് നമ്മളാണ്” സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook