രോഹിതിന്റെ കളി മികവ് ഒരു പടി മുകളിലാണ്: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ വാചാലനായിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കർ

rohit sharma, indian cricket, ie malayalam
Photo: Facebook/ Indian Cricket Team

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ വാചാലനായിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. രോഹിത് തന്റെ കളിയുടെ മറ്റൊരു വശമുപയോഗിച്ച് മത്സരത്തിന്റെ സാഹചര്യത്തിനൊത്ത് ടീമിനെ നയിക്കുകയാണെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു.

ഓപ്പണറായി ഇംഗ്ലണ്ടില്‍ ആദ്യമായി ഇറങ്ങിയ രോഹിത് ആദ്യ രണ്ട് ടെസ്റ്റുകളില്‍ തന്നെ തന്റെ മികവ് പുറത്തെടുത്തു. 36, 12*, 83, 21 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോര്‍.

“രോഹിത് ഇംഗ്ലണ്ടിലെ സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെടുന്നു. ഒപ്പം പെട്ടെന്ന് തന്നെ ബാറ്റിങ് ശൈലിയില്‍ മാറ്റവും വരുത്തിയതായി തോന്നി. ഇതുവരെയുള്ള രോഹിത് ഇന്നിങ്സുകളുടെ മറുവശമാണ് ഇംഗ്ലണ്ടില്‍ കണ്ടത്,” സച്ചിന്‍ പിടിഐയോട് വ്യക്തമാക്കി.

ടെസ്റ്റില്‍ വിദേശ പിച്ചുകളില്‍ വലിയ സ്കോര്‍ കണ്ടെത്താന്‍ രോഹിതിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഓസ്ട്രേലിയയിലേയും ഇപ്പോള്‍ ഇംഗ്ലണ്ടിലേയും പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് വിശ്വാസം അര്‍പ്പിക്കാന്‍ സാധിക്കുന്ന താരമായി രോഹിത് മാറിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് ഇന്നിങ്സുകളിലും മികച്ച തുടക്കം ലഭിച്ച ബാറ്റ്സ്മാന്‍ രോഹിത് തന്നെയായിരുന്നു.

“രണ്ടാം ടെസ്റ്റില്‍ രോഹിതാണ് ഇന്ത്യയെ നയിച്ചത്. കെ.എല്‍.രാഹുല്‍ മികച്ച പിന്തുണയും നല്‍കി. പുള്‍ ഷോട്ട് കളിച്ചതിനെ പറ്റി പരിഗണിക്കുകയാണെങ്കില്‍, ആ ഷോട്ടുപയോഗിച്ച് എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഷോട്ട് കളിക്കാനുള്ള ആത്മവിശ്വാസം തോന്നുമ്പോള്‍ മാത്രമാണ് ഒരു ബാറ്റ്സ്മാന്‍ അതിന് ശ്രമിക്കുന്നത്,” സച്ചിന്‍ കൂട്ടിച്ചേര്‍ത്തു,

“അപകടകരമായ പന്തുകള്‍ കളിക്കാതെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ രോഹിതിനായി. അയാള്‍ എപ്പോഴും ഒരു മികച്ച കളിക്കാരന്‍ തന്നെയാണ്. എന്നാല്‍ അവസാന ഇന്നിങ്സുകള്‍ പരിശോധിക്കുമ്പോള്‍ രോഹിത് ഒരു പടി മുകളില്‍ എത്തിയതായി തോന്നുന്നു,” സച്ചിന്‍ വ്യക്തമാക്കി.

Also Read:വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിന് ഊര്‍ജം പകരുന്ന താരം: കെവിന്‍ പീറ്റേഴ്സണ്‍

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Rohits brilliance definitely gone a notch higher says sachin tendulkar

Next Story
വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിന് ഊര്‍ജം പകരുന്ന താരം: കെവിന്‍ പീറ്റേഴ്സണ്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com