ഐസിസിയുടെ എല്ലാ ട്രോഫികളും നേടിയിട്ടുള്ള ആദ്യ ടീമാണ് ഇന്ത്യ. 1983 ലും 2011 ലും ലോകകപ്പ്, 2007 ല്‍ ടി20 ലോകകപ്പ്, 2013 ല്‍ ചാമ്പ്യന്‍സ് ട്രോഫി. 2002 ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയിരുന്നുവെങ്കിലും പക്ഷെ ശ്രീലങ്കയോടൊപ്പം കിരീടം പങ്കുവെക്കുകയായിരുന്നു. 2013 ജൂണ്‍ 23 ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. ഇന്ന് ആ വിജയത്തിന്റെ വാര്‍ഷികമാണ്.

രോഹിത് ശര്‍മ്മ-ശിഖര്‍ ധവാന്‍ എന്ന പുതിയ ഓപ്പണിങ് ജോഡിയുമായാണ് ഇന്ത്യ ടൂര്‍ണമെന്റിനെത്തിയത്. വരാനിരിക്കുന്നത് എന്താണെന്ന് ക്രിക്കറ്റ് ലോകത്തിന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. രോഹിത്തിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച തീരുമാനമായിരുന്നു അത്. അന്ന് മുതലാണ് രോഹിത് ശര്‍മ്മ ഇന്ന് കാണുന്ന ഹിറ്റ്മാനായി മാറിയത്.

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന്റെ സന്തോഷം പങ്കുവെക്കാന്‍ രോഹിത് ഇന്ന് അന്നത്തെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഗോള്‍ഡന്‍ ബാറ്റ് വിജയിയായ ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു രോഹിത് പങ്കുവച്ചത്. പക്ഷെ രോഹിത്തിന് ചെറിയൊരു അമളി പറ്റി.

ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത ഹാഷ് ടാഗാണ് രോഹിത്തിന് വിനയായത്. 2013 ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ചാമ്പ്യന്‍സ് ട്രോഫി 2017 എന്ന ഹാഷ്ടാഗാണ് രോഹിത് പോസ്റ്റ് ചെയ്തത്. 2017 ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ എത്തിയിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് ജയിക്കാനായിരുന്നില്ല. 180 റണ്‍സിന് പാക്കിസ്ഥാന്‍ കിരീടം ഉയര്‍ത്തുകയായിരുന്നു.

ഇതോടെ സോഷ്യല്‍ മീഡിയ രോഹിത്തിനെ ട്രോളാന്‍ തുടങ്ങി. ചിത്രത്തില്‍ രോഹിത്തിനൊപ്പമുള്ള ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന അടക്കം രോഹിത്തിനെ ട്രോളി രംഗത്തൈത്തി. ഇതോടെ താരം ട്വീറ്റ് ഡിലീറ്റ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.