ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ അവസാന ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പരിചയസമ്പന്നനായി ഭുവനേശ്വര്‍ കുമാറിന് ഓവര്‍ ബാക്കിയുണ്ടായിട്ടും യുവതാരം ആവേശ് ഖാനാണ് നായകന്‍ രോഹിത് ശര്‍മ പന്ത് നല്‍കിയത്.
ആദ്യ പന്ത് നോബോള്‍ എറിഞ്ഞ ആവേശ് പിന്നീട് വന്ന രണ്ട് പന്തില്‍ സിക്സും, ഫോറും വഴങ്ങി. ഡൊവോണ്‍ തോമസ് വിന്‍ഡീസിന് അഞ്ച് വിക്കറ്റിന്റെ ജയവും സമ്മാനിച്ചു.
ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ വിന്‍ഡീസ് ഒപ്പമെത്തി (1-1).
മത്സര ശേഷം ആവേശ് ഖാന്‍ എന്തുകൊണ്ടാണ് അവസാന ഓവര്‍ എറിയാന്‍ അവസരം നല്‍കിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രോഹിത്.
“ഭുവനേശ്വര്‍ കുമാറിന്റെ മികവ് എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മറുവശത്ത് ആവേശിനും അര്‍ഷദീപിനുമൊക്കെ അവസരം നല്‍കിയില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ ഡെത്ത് ഓവര്‍ അവര്‍ക്ക് സുപരിചിതമാവില്ല,” രോഹിത് പറഞ്ഞു.
“ഐപിഎല്ലില്‍ അവര്‍ തെളിയിച്ചിട്ടുള്ളതാണ്. ഇത് ഒരു കളി മാത്രമാണ്. അവര്‍ ഭയപ്പെടേണ്ട കാര്യമില്ല. അവര്‍ക്ക് പിന്തുണയും അവസരങ്ങളുമാണ് ആവശ്യം,” രോഹിത് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വിന്‍ഡീസ് 138 റണ്‍സിന് പുറത്താക്കിയിരുന്നു. 17 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത ഒബെഡ് മക്കോയ് ആണ് ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ തകര്‍ത്തത്.