രോഹിത് ശര്‍മ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടും തൂണുകളില്‍ ഒന്ന്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റര്‍. ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയുക്കുന്നതിന്റെ ഉത്തരവാദിത്തം ഈ മുംബൈക്കാരനാണ്. എന്നാല്‍ രോഹിത് ചവിട്ടിക്കയറിയ പടവുകള്‍ നിസാരമായിരുന്നില്ല. കരിയറിന്റെ തുടക്ക കാലത്ത് മികവുകൊണ്ടായിരുന്നു താരം അറിയപ്പെട്ടിരുന്നതെങ്കിലും കളത്തിലെത്തിയപ്പോഴെല്ലാം പിഴച്ചു. ഇന്ത്യന്‍ ടീമില്‍ വന്നു പോകുന്ന ഒരു താരം മാത്രമായി ഒതുങ്ങി രോഹിത്.
2007 ലാണ് രോഹിതിനെ തേടി ആദ്യമായി ഇന്ത്യയുടെ നീലകുപ്പായമെത്തുന്നത്. സച്ചിന് തെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ മഹാരഥന്മാര് ക്രിക്കറ്റ് അടക്കി വാണിരുന്ന കാലത്ത്. കൃത്യമായൊരു ബാറ്റിങ് സ്ഥാനമില്ലാതെ സന്ദര്‍ഭത്തിനനുസരിച്ച് മാത്രം കളത്തിലെത്തുന്ന രോഹിതിനെയായിരുന്നു ആദ്യ കാലങ്ങളില്‍ കണ്ടിരുന്നത്. മൂന്നാമന് മുതല്‍ ഏഴാം സ്ഥാനത്ത് വരെ ഏകദിനത്തില്‍ രോഹിത് ബാറ്റ് ചെയ്യാനെത്തിയെങ്കിലും ശോഭിക്കാന്‍ കഴിഞ്ഞില്ല.
ഏകദിനത്തില്‍ 83 മത്സരങ്ങളാണ് രോഹിത് ഓപ്പണര്‍ അല്ലാതെ ഇന്ത്യയ്ക്കായി കളിച്ചത്. ശരാശരിക്കും താഴെയായിരുന്നു താരത്തിന്റെ പ്രകടനമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 31.43 ശരാശരിയില്‍ നേടിയത് 1949 റണ്‍സ്. രണ്ട് സെഞ്ചുറിയും 12 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 114 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. അവസരങ്ങള്‍ ലഭിച്ചിട്ടും ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ പോയ താരമെന്ന പട്ടം രോഹിതിന് ചാര്‍ത്തി കൊടുക്കാന്‍ നിരൂപകര്‍ ശ്രമിച്ചിരുന്ന സമയത്താണ് എം. എസ്. ധോണിയെന്ന നായകന്റെ നിര്‍ണായക തീരുമാനം വരുന്നത്. അത് രോഹിതിന്റെ ഓപ്പണറാക്കുക എന്നതായിരുന്നു.
2013 ലാണ് രോഹിത് ടീമിന്റെ സ്ഥിരം ഓപ്പണറായി എത്തുന്നത്. പങ്കാളിയായി ശിഖര്‍ ധവാനും. നിര്‍ണായകമായത് 2013 ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റായിരുന്നു. കരുതലോടെ ബാറ്റ് വീശിയ രോഹിതിനെയാണ് അന്ന് ഇംഗ്ലണ്ടില്‍ കണ്ടത്. അഞ്ച് കളികളില്‍ നിന്ന് 177 റണ്‍സ് താരം നേടി. പിന്നീട് താരത്തിന് തിരികെ നോക്കേണ്ടി വന്നിട്ടില്ല. രോഹിത് എന്ന ഓപ്പണറിന്റെ ഉദയം കൂടിയായിരുന്നു 2013. 27 കളികളില്‍ നിന്ന് 1196 റണ്‍സ് നേടി. ഏകദിനത്തിലെ താരത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറിയും (209, ഓസ്ട്രേലിയ) പിറന്നു.
ഓരോ വര്‍ഷം പിന്നിടുമ്പോഴും രോഹിത് എന്ന ബാറ്ററുടെ മൂര്‍ച്ച വര്‍ധിക്കുകയായിരുന്നു. ഏകദിനത്തില്‍ 50 ഓവറും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരമെന്ന നിലയിലേക്ക് വളര്‍ന്നു. അനായാസം സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള മികവായിരുന്നു രോഹിതിനെ വ്യത്യസ്തനാക്കിയിരുന്നത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ പൊതുവെ പരാജയപ്പെടുന്ന ഷോര്‍ട്ട് ബോളുകള്‍ രോഹിത് അവസരമാക്കി മാറ്റി. ഷോര്‍ട്ട് ബോളുകള്‍ അതിര്‍ത്തി കടത്തുന്നത് ശീലമാക്കി താരം. 2014 ല്‍ ശ്രിലങ്കയ്ക്കെതിരെ ഒറ്റയ്ക്ക് 264 റണ്‍സാണ് രോഹിത് അടിച്ചു കൂട്ടിയത്. ഏകദനിത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള ഏക താരവും രോഹിത് തന്നെ. ഇങ്ങനെ സമാനതകളില്ലാത്ത ഒരുപാട് നേട്ടങ്ങള്‍ പോയ 15 വര്‍ഷം രോഹിതിന് സൃഷ്ടിക്കാനായി.
2019 ഏകദിന ലോകകപ്പില്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചിരുന്നത് വിരാട് കോഹ്ലിയുടെ സര്വതാണ്ഡവത്തിനായിരുന്നു. എന്നാല്‍ രോഹിത് ആ ലോകകപ്പ് തന്റെ പേരിലെഴുതി ചേര്‍ത്തു. അഞ്ച് സെഞ്ചുറികളടക്കം 648 റണ്‍സായിരുന്നു രോഹിത് നേടിയത്. ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ലോകകപ്പില്‍ സെമി ഫൈനലില്‍ ഇന്ത്യ പുറത്തായപ്പോള്‍ രോഹിതിന്റെ നിരാശ കണ്ട് കണ്ണ് നിറഞ്ഞവരാണ് ക്രിക്കറ്റ് പ്രേമികള്‍.
ഏകദിനത്തിലും ട്വന്റി 20യിലുമെല്ലാം തന്റെ മികവ് രോഹിതിന് തെളിയിക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് കാര്യമായി ശോഭിച്ചിരുന്നില്ല. അതിനെല്ലാമുള്ള മറുപടിയായിരുന്നു പോയ വര്‍ഷങ്ങളിലെ പ്രകടനങ്ങള്‍. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള താരം രോഹിതാണ്. 18 മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ചുറിയടക്കം 1,552 റണ്‍സാണ് ഇതുവരെ രോഹിത് നേടിയത്. വിദേശ പിച്ചുകളില്‍ മികച്ച തുടക്കം കിട്ടിയിട്ടും ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന വസ്തുതയും രോഹിത് തിരുത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സെഞ്ചുറി നേടിക്കൊണ്ടായിരുന്നു വിമര്‍ശകര്‍ക്ക് രോഹിത് ഉത്തരം നല്‍കിയത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയില്‍ എത്തി നില്‍ക്കുമ്പോഴും രോഹിതിന്റെ മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ഇന്ത്യയെ ഒരു ഐസിസി കിരീടത്തിലെത്തിക്കുക എന്നതാണ് ബിസിസിഐ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം. ഈ വര്‍ഷം വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പും ഇന്ത്യയ്ക്കും രോഹിതിനും നിര്‍ണായകമാണ്. ഒരുപക്ഷെ താരത്തിന്റെ അവസാന ലോകകപ്പുകള്‍ കൂടിയായിരിക്കും ഇവ രണ്ടും. ഇന്ത്യയെ കിരീടത്തിലേക്ക് എത്തിക്കാന്‍ സാധിച്ചാല്‍ രോഹിത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും.