ഇന്ത്യന്‍ ക്രിക്കറ്റിനെ നയിച്ച മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ പേര് ഉണ്ടാകും. ഇന്ത്യയ്ക്കൊരു ലോകകിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഗാംഗുലിയുടെ കീഴിലായിരുന്നു ടീം പല അത്ഭുതങ്ങളും സൃഷ്ടിച്ചത്. ക്രിക്കറ്റ് ലോകത്തിലെ വമ്പന്മാരെ അവരുടെ തട്ടകത്തില്‍ ചെന്ന് മലര്‍ത്തിയടിക്കാന്‍ സാധിച്ചു. ഗാംഗുലി വെട്ടിത്തെളിച്ച പാതയിലൂടെ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് മുന്നേറുന്നതാണ് ഈ നിമിഷം വരെ ലോകം കണ്ടത്. ടീമിന്റെ പല നേട്ടങ്ങള്‍ക്ക് പിന്നിലും സുപ്രധാന സാന്നിധ്യമാകാന്‍ ഗാംഗുലിക്കായിട്ടുണ്ട്.
ധോണിയുടെ കീഴില്‍ പ്രഥമ ട്വന്റി 20 ലോകകപ്പ് ഇന്ത്യ നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്കിലെത്തി, ഏകദിന ലോകകപ്പും (2011) ചാമ്പ്യന്‍സ് ട്രോഫിയും (2013) നീലപ്പട ഉയര്‍ത്തി. ധോണിയുടെ സ്ഥാനത്ത് പിന്നീടെത്തിയ കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു. കോഹ്ലിയുടെ കീഴില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ തലപ്പത്ത് ഇന്ത്യ ഏറെക്കാലം തുടര്‍ന്നു. നിലവില്‍ രോഹിത് ശര്‍മയുടെ നായകമികവില്‍ ഇന്ത്യ അസാധ്യ കുതിപ്പാണ് നടത്തുന്നത്.
ഏകദേശം പത്ത് വര്‍ഷമായി ഐസിസി കിരീടങ്ങള്‍ ഇല്ലെന്ന് പോരായ്മ നികത്തുകയായിരുന്നു രോഹിതിന്റെ ലക്ഷ്യം. യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യക്കപ്പിനായുള്ള ഒരുക്കത്തിലാണ് രോഹിതും കൂട്ടരും. രോഹിതിന്റെ നായകമികവിനെ അവലോകനം ചെയ്തിരിക്കുകയാണ് ബിസിസിഐ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി.
രോഹിത് വളരെ വ്യക്തതയോടെയും ശാന്തതയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരാളാണെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. രോഹിതിന് പുറമെ ധോണി, കോഹ്ലി എന്നിവരുടെ നായക മികവിനെക്കുറിച്ചും ഗാംഗുലി പരാമര്‍ശിച്ചു.
“പോയ വര്‍ഷങ്ങളില്‍ നിരവധി മികച്ച ക്യാപ്റ്റന്മാര് ഇന്ത്യയ്ക്കുണ്ടായി. എം സി ധോണി ഇന്ത്യയെ വളരെ പക്വതയോടെ നയിച്ചു. ഇന്ത്യയ്ക്ക് മാത്രമല്ല തന്റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനും നേട്ടമുണ്ടാക്കി കൊടുക്കാന്‍ സാധിച്ചു,”
“പിന്നീട് വന്ന വിരാട് കോഹ്ലിക്കും മികച്ച റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞു. വളരെ വ്യത്യസ്തമായാണ് കോഹ്ലി കാര്യങ്ങള്‍ ചെയ്ത്. എല്ലാ വ്യക്തികളും വ്യത്യസ്തമാണ്. എന്നാല്‍ എല്ലാം എത്ര വിജയവും തോല്‍വിയും ഉണ്ടായി എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഞാന്‍ ക്യാപ്റ്റന്മാരെ താരതമ്യം ചെയ്യാറില്ല. എല്ലാവര്ക്കും അവരവരുടേതായ പ്രത്യേകതകളുണ്ട്,” ഗാംഗുലി വ്യക്തമാക്കി.