scorecardresearch

ഓസ്ട്രേലിയയില്‍ ‘തല’ പേസര്‍മാര്‍; ആകാശയാത്രയിലും തന്ത്രങ്ങളുമായി ഇന്ത്യ

വിമാനത്തില്‍ തങ്ങള്‍ക്ക് ലഭിച്ച ബിസിനസ് ക്ലാസ് സീറ്റുകള്‍ ടീമിലെ പേസര്‍മാര്‍ക്കായി വിട്ടു നല്‍കിയിരിക്കുകയാണ് രോഹിതും വിരാട് കോഹ്ലിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും

ഓസ്ട്രേലിയയില്‍ ‘തല’ പേസര്‍മാര്‍; ആകാശയാത്രയിലും തന്ത്രങ്ങളുമായി ഇന്ത്യ

ഓസ്ട്രേലിയയിലെ ക്രിക്കറ്റ് മൈതാനങ്ങളില്‍ ബാറ്റര്‍മാരേക്കാള്‍ നിര്‍ണായകം പേസ് ബോളര്‍മാരുടെ പ്രകടനമാണ്. ഒരു ഓവറുകൊണ്ട് കളിയുടെ ഗതി തന്നെ മാറ്റിമറിക്കാന്‍ പേസര്‍മാര്‍ക്കാകും.

ട്വന്റി 20 ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ മത്സരശേഷമുള്ള യാത്ര ഏതൊരു താരത്തെയും മടുപ്പിക്കുന്നതാണ്. പ്രത്യേകിച്ചും പേസ് ബോളര്‍മാരെ, കാലിനും പുറത്തിനുമെല്ലാം അവര്‍ക്ക് കടുത്ത വേദന അനുഭവപ്പെടാനുള്ള സാധ്യതയാണുള്ളത്.

എന്നാല്‍ ഇതിനെയെല്ലാം മറികടക്കാനുള്ള തന്ത്രങ്ങളും മെനഞ്ഞാണ് നായകന്‍ രോഹിത് ശര്‍മയും കൂട്ടരും ഓസ്ട്രേലിയയിലെത്തിയിരിക്കുന്നത്.

ടീമിലെ പേസര്‍മാരുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വിമാനത്തില്‍ തങ്ങള്‍ക്ക് ലഭിച്ച ബിസിനസ് ക്ലാസ് സീറ്റുകള്‍ വിട്ടു നല്‍കിയിരിക്കുകയാണ് രോഹിതും വിരാട് കോഹ്ലിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് വിട്ട് നല്‍കിയിരിക്കുന്നത്.

“മൈതാനത്ത് ഏറ്റവും കൂടുതല്‍ ഓടേണ്ടി വരുന്നത് പേസര്‍മാരാണ്, അതിനാല്‍ തന്നെ അവരുടെ കാലുകള്‍ക്ക് വിശ്രമം അനിവാര്യമാണ്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അവര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകരുതെന്ന് തീരുമാനിച്ചിരുന്നു,” ഇന്ത്യന്‍ ടീമിലെ സപ്പോര്‍ സ്റ്റാഫ് അംഗം ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) നിര്‍ദേശ പ്രകാരം ഒരു ടീമിന് നാല് ബിസിനസ് ക്ലാസ് ടിക്കറ്റുകളാണ് ലഭിക്കുക. സാധാരണയായി ഈ നാലെണ്ണം നല്‍കുക നായകന്‍, ഉപനായകന്‍, മുഖ്യപരിശീലകന്‍, ടീം മാനേജര്‍ എന്നിവര്‍ക്കാണ്. മത്സരങ്ങളും അതിനൊപ്പം മൂന്ന് അല്ലെങ്കില്‍ നാല് ദിവസം കൂടുമ്പോഴുള്ള യാത്രകള്‍ പേസര്‍മാരുടെ കാലുകളെ ക്ഷീണിപ്പിക്കുമെന്ന് നേരത്തെ മനസിലാക്കിയാണ് ഇന്ത്യന്‍ ടീമിന്റെ നീക്കം.

ടൂര്‍ണമെന്റ് അവസാനിക്കുമ്പോഴേക്കും ഇന്ത്യന്‍ ടീം ഏകദേശം 34,000 കിലോ മീറ്ററുകളായിരിക്കും യാത്ര ചെയ്യുക. ഓസ്ട്രേലിയയിലെ മൂന്ന് മേഖലകള്‍, മൂന്ന് പ്രദേശങ്ങളിലും വ്യത്യസ്തമായ കാലാവസ്ഥയുമാണ്. ഇത്തരം സാഹചര്യത്തില്‍ പേസ് ബോളര്‍മാര്‍ക്ക് പരിക്കുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Rohit kohli dravid gave their business class tickets to pacers