2023 ലോകകപ്പിനുള്ള തയാറെടുപ്പുകളിലാണ് ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ). താരങ്ങളുടെ ജോലിഭാരം കൈകാര്യം ചെയ്യുന്നതുമായി കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ.
ഏകദിന ലോകകപ്പിനായുള്ള 20 താരങ്ങളുടെ ചുരുക്കപ്പട്ടിക ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തില്‍ ബിസിസിഐ തയാറാക്കിയതായാണ് വിവരം. ഈ താരങ്ങളെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് നാഷണല്‍ ക്രിക്കറ്റ് അക്കാദമി നിരീക്ഷിക്കും.
ഐപിഎല്ലിന്റെ ഭാഗമാകുന്ന താരങ്ങളുമായി ക്രിക്കറ്റ് ഓസ്ട്രേലിയക്കും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനും സമാനമായ കരാറുകളുണ്ട്. ഇതിനോട് അനുകൂലമായ നിലപാടാണ് ഫ്രാഞ്ചൈസികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ബസിസിഐ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം നടത്തുന്നത്. ഐപിഎല്ലില്‍ കളിക്കുന്ന ചുരുക്കപ്പട്ടികയിലുള്ള താരങ്ങളെ നിരീക്ഷിക്കാനാണ് തീരുമാനം. എന്നാല്‍ താരങ്ങളുടെ പ്രകടനമാണോ ജോലിഭാരമാണോ നിരീക്ഷിക്കുന്നതെന്ന കാര്യം വ്യക്തമല്ല.
എന്നാല്‍ തീരുമാനത്തിന്റെ വിശദമായ രേഖ ആവശ്യപ്പെട്ടപ്പോള്‍ ബിസിസിഐ നിരസിക്കുകയാണുണ്ടായത്.
ജോലിഭാരം സംബന്ധിച്ചാണെങ്കില്‍ ബിസിസിഐ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ചോദ്യം. സിഎയും ഇസിബിയും ഫ്രാഞ്ചൈസികളോട് നിരന്തരം റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടാറുണ്ട്. ചില ബോളര്‍മാരും ഓള്‍റൗണ്ടര്‍മാരും നെറ്റ് സെഷനിലും കളിയിലും എത്ര ഓവറുകള്‍ എറിയണം എന്നതിനുവരെ പരിധി വച്ചാണ് കരാറുകള്‍.
എന്നാല്‍ സമാനമായി ഇന്ത്യന്‍ താരങ്ങളിലേക്കും ഇത്തരം നീക്കങ്ങള്‍ എത്തിയാല്‍ സ്ഥിതി സങ്കുലിതമാകും. ബിസിസിഐ നേരിട്ട് താരങ്ങളെ നിരീക്ഷിക്കുന്നതില്‍ ഫ്രാഞ്ചൈസികള്‍ക്ക് താത്പര്യമില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. 2020 ഐപിഎല്ലിന്റെ സമയത്ത് രോഹിത് ശര്‍മയ്ക്ക് പരുക്ക് പറ്റിയതിനാല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഉണ്ടാകില്ലെന്ന വിവരം അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സിനായി താരം കളത്തിലെത്തിയിരുന്നു.