ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വളരെ വേഗത്തില്‍ തന്നെ തീ ഉയരുന്നതായാണ് വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. തീ പടര്‍ന്ന് പിടിച്ചതോടെ കാര്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെ ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപം വച്ചാണ് സംഭവം. പന്ത് ഡ്രൈവ് ചെയ്തിരുന്ന കാർ റോഡിലെ ഡിവൈഡറുകളിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു.
ആദ്യം റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ പിന്നീട് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പന്ത് അപകടനില തരണം ചെയ്തു. താരത്തിന്റെ തലയ്ക്കും വലതു കണങ്കാലിന്റെ ലിഗമെന്റിനും പരിക്കേറ്റതായുമാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
ഹരിദ്വാർ ജില്ലയിലെ മംഗലാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്പൂർ ജാട്ടിന് സമീപം പുലർച്ചെ 5.30 ന് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടതായാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഉടൻ തന്നെ 108 ആംബുലൻസും ലോക്കൽ പോലീസും ചേർന്ന് റൂർക്കിയിലെ സക്ഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് താരത്തിന് പ്രാഥമിക ചികിത്സ നല്‍കിയത്.
അപകടം സംഭവിക്കുമ്പോള്‍ പന്തായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ത്താണ് പന്ത് പുറത്തെത്തിയത് ഉടന്‍ തന്നെ കാറിന് തീപിടിക്കുകയും പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു.